62-ാമത് നാരായണ ഗുരുകുല കണ്‍വെന്‍ഷന്‍ഇന്ന് തുടങ്ങും

Posted on: 23 Dec 2012വര്‍ക്കല:62-ാമത് നാരായണ ഗുരുകുല കണ്‍വെന്‍ഷന്‍ ഞായറാഴ്ച വര്‍ക്കല നാരായണ ഗുരുകുലത്തില്‍ തുടങ്ങും. ഗുരുകുലത്തിന്റെ ഗൃഹസ്ഥശിഷ്യന്‍മാരുടെ കൂട്ടായ്മയായ പീതാബര സൗഹൃദത്തിന്റെ അംഗങ്ങള്‍ ഒത്തുചേരുകയും പരസ്​പരം ആശയവിനിമയം നടത്തുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ആറ് സെമിനാറുകളാണ് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷത. ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പതാക ഉയര്‍ത്തുന്നതോടെ കാര്യപരിപാടികള്‍ തുടങ്ങും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.പീറ്റര്‍ ഓപ്പന്‍ഹൈമര്‍, ഡോ.പീറ്റര്‍മൊറാസ് തുടങ്ങിയവര്‍ പങ്കെടുക്കും. 11.30ന് 'സുവിശേഷങ്ങളിലെ ജീവിതദര്‍ശനം' എന്ന വിഷയത്തില്‍ ഡോ.കെ.എം.ജോര്‍ജും 'ക്രൈസ്തവദര്‍ശനം സാമൂഹ്യജീവിതത്തില്‍' എന്ന വിഷയത്തില്‍ സി.ഇ.സുനിലും പ്രബന്ധം അവതരിപ്പിക്കും. സ്വാമി.ചാറല്‍സ് ചൈതന്യ മോഡറേറ്ററായിരിക്കും. 24ന് രാവിലെ 10.15 ന് 'ഇസ്ലാമിക ദര്‍ശനം', 'ഇസ്ലാമിക ജീവിത വ്യവസ്ഥ' എന്നീ വിഷയങ്ങളില്‍ യഥാക്രമം കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും കെ.ടി.സൂപ്പിമാസ്റ്ററും പ്രബന്ധം അവതരിപ്പിക്കും. സാധു ഗോപിദാസാണ് മോഡറേറ്റര്‍. 25ന് രാവിലെ 10.15ന് 'ഹിന്ദുമത തത്വം', 'ഹിന്ദുമതം പ്രായോഗിക ജീവിതത്തില്‍' എന്നിവയില്‍ യഥാക്രമം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരും എസ്.രാധാകൃഷ്ണനുമാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. സ്വാമി ത്യാഗീശ്വരന്‍ മോഡറേറ്ററാകും. വൈകീട്ട് 7ന് നടക്കുന്ന പ്രാര്‍ത്ഥനായോഗത്തിലും പ്രവചനത്തിലും സ്വാമിനി ജ്യോതിര്‍മയി ഭാരതി, സ്വാമിനി മാതാ ആത്മപ്രിയ എന്നിവര്‍ പങ്കെടുക്കും. 26ന് രാവിലെ 10.15ന് 'ജൈന ദര്‍ശനവും ജീവിതവും' എന്ന വിഷയത്തില്‍ ഡോ.പി.രാധാറാണിയും 'ബൗദ്ധദര്‍ശനവും ജീവിതവും' എന്ന വിഷയത്തില്‍ സി.ഉണ്ണികൃഷ്ണനും പ്രബന്ധം അവതരിപ്പിക്കും. ബ്രഹ്മചാരി രാമകൃഷ്ണനാണ് മോഡറേറ്റര്‍. 27ന് രാവിലെ 10.15ന് 'നടരാജഗുരുവിന്റെ ശാസ്ത്രസമന്വയം' എന്ന വിഷയത്തില്‍ ഡോ.പി.കെ.സാബുവും 'ആയുര്‍വേദത്തിലെ ഏകത്വദര്‍ശനം' എന്ന വിഷയത്തില്‍ ഡോ.എം.ഹരിയും പ്രബന്ധം അവരിപ്പിക്കം. ഡോ.എസ്.ഓമനയാണ് മോഡറേറ്റര്‍. 28ന് രാവിലെ 10.15ന് 'പലമതസാരവുമേകം' എന്ന വിഷയത്തില്‍ ബ്രഹ്മചാരിരാജന്‍, ഇമ്മാനുവല്‍ സത്യാനന്ദ്, സി.ലതിക എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും, വൈകീട്ട് 3.30ന് സാഹിത്യസായാഹ്നം ഡോ.പുതുശ്ശേരിരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 9.30ന് ഗുരു മുനിനാരായണപ്രസാദ് നവവത്സരസന്ദേശം നല്‍കും. 10.30ന് ഗുരുകുല സമ്മേളനം.എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഹോമവും ഗുരു മുനിനാരായണ പ്രസാദിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും. വൈകീട്ട് പ്രാര്‍ത്ഥനായോഗത്തോടൊപ്പം സന്ന്യാസി ശ്രേഷ്ഠന്‍മാരുടെ പ്രഭാഷണവും ഉണ്ടാകും.

More News from Thiruvananthapuram