നവീകരണം പാതിവഴിയില്‍;പാണാംപഴിഞ്ഞിക്കുളം മാലിന്യക്കൂമ്പാരമാകുന്നു

Posted on: 23 Dec 2012തിരുവനന്തപുരം: ജഗതി പാണാംപഴിഞ്ഞിക്കുളം മലിനജലവും ഡ്രെയിനേജും നിറഞ്ഞ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. 28 ലക്ഷം രൂപ ചെലവിട്ട് ആരംഭിച്ച നവീകരണം പകുതിവഴിയില്‍ നിലച്ചു. ചുറ്റുമതില്‍ കെട്ടിയശേഷം ഇറിഗേഷന്‍ വകുപ്പധികൃതര്‍ പണി നിര്‍ത്തിവയ്ക്കുകയായിരുന്നു.

കുളത്തില്‍ നിന്നും കൊച്ചാറിലേക്കുള്ള ഓടയുടെ നിര്‍മാണമാണ് ഇനി ബാക്കിയുള്ളത്. പണി മുടങ്ങിയതോടെ മലിനജലം കെട്ടിനിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. കുളത്തില്‍ മാലിന്യനിക്ഷേപവും തുടങ്ങി. ചെളിക്കെട്ടായതിനാല്‍ കരിങ്കല്ലുപയോഗിച്ച് ഓട നിര്‍മിച്ചാല്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നായിരുന്നു എന്‍ജിനീയര്‍മാരുടെ നിര്‍ദേശം. തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് ഓട നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിന് ഫണ്ട് തികയില്ലെന്നും അടുത്ത അടങ്കല്‍ തുക തയാറാക്കി പണി ആരംഭിക്കുമെന്നായിരുന്നു ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. നാട്ടുകാരുടെ സഹകരണത്തോടെയാണ് കുളത്തിന്റെ നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ സ്ഥലത്ത് എത്തിച്ചതെന്ന് കൗണ്‍സിലര്‍ ഷീജാമധു പറയുന്നു. പലരും മതിലും കെട്ടിടത്തിന്റെ ഭാഗങ്ങളും വരെ ഇടിച്ചുമാറ്റിയാണ് വാഹനത്തിന് പോകാന്‍ വഴി നല്‍കിയത്.

മലിനജലം കെട്ടിനിന്ന് ചുറ്റും താമസിക്കുന്നവര്‍ക്ക് പനിയും മറ്റ് രോഗങ്ങളും പിടിപെടുന്നതും പതിവാണ്. ഫണ്ടനുവദിച്ചിട്ടില്ലെന്നാണ് ഇറിഗേഷന്‍ അധികൃതരുടെ ഇപ്പോഴത്തെ വാദം.

More News from Thiruvananthapuram