കോണ്‍ഗ്രസ് പിന്തുണച്ചു; പൂവാറില്‍ എല്‍.ഡി.എഫിന്റെ അവിശ്വാസം വിജയിച്ചു

Posted on: 23 Dec 2012പൂവാര്‍: കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെ പൂവാറില്‍ പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളും സോഷ്യലിസ്റ്റ് ജനതയിലെ ഒരംഗവും ബി.ജെ.പി.അംഗവും ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്വതന്ത്രാംഗം അഡ്വ. ആന്‍േറാ മര്‍സലിനും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. 15 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റിനെ പുറത്താക്കി.

ശനിയാഴ്ച രാവിലെ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. പദ്മകുമാറിന്റെ സാന്നിധ്യത്തിലാണ് അവിശ്വാസപ്രമേയചര്‍ച്ച നടന്നത്. സി.പി.എം. അംഗങ്ങളായ കെ. ബാഹുലേയന്‍, ജെ. ലോറന്‍സ്, ഷൈലജ, ഉഷാശിവസ്, സി.പി.ഐ. അംഗങ്ങളായ എസ്. വിനോദ്കുമാര്‍, സീനത്ത് ജിസ്തി, ആര്‍.എസ്.പി. സ്വതന്ത്രാംഗം ലതാ പുഷ്പാംഗദന്‍, കോണ്‍ഗ്രസ് അംഗങ്ങളായ പി.കെ. സാംദേവ്, എന്‍.ആര്‍. സോമന്‍, ജാസ്മിന്‍ ജ്യോതി എന്നിവരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. കോണ്‍ഗ്രസിലെ ആര്‍. ദേവരാജന്‍, വൈലറ്റ് സ്റ്റാന്റെലി, സോഷ്യലിസ്റ്റ് ജനതയിലെ സുനിതാ യേശുദാസ്, ബി.ജെ.പി. അംഗം പ്രവീണകുമാരി എന്നിവര്‍ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു.

എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണച്ചത് പൂവാറില്‍ പുതിയ വിവാദവും ഉണ്ടാക്കിയിട്ടുണ്ട്. പിന്തുണച്ച മൂന്നുപേരും കോണ്‍ഗ്രസിന്റെ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളാണ്. എല്‍.ഡി.എഫിനെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് അംഗം ദേവരാജന് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ സ്വീകരണവും നല്‍കി. എന്നാല്‍ എല്‍.ഡി.എഫിന്റെ ഭരണത്തിനെതിരെയാണ് കോണ്‍ഗ്രസ് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം പി.കെ. സാംദേവ് പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂവാര്‍ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. അങ്ങനെയാണ് ആറ് അംഗങ്ങളുണ്ടായിരുന്ന എല്‍.ഡി.എഫ്. രണ്ട് സ്വതന്ത്രാംഗങ്ങളായ അഡ്വ. ആന്‍േറാ മര്‍സിലിനെ പ്രസിഡന്റും ലതാപുഷ്പാംഗദനെ വൈസ് പ്രസിഡന്റുമാക്കി ഭരണം പിടിച്ചെടുത്തത്. ഒന്നര വര്‍ഷത്തിനുശേഷം ലതാപുഷ്പാംഗദനെ പ്രസിഡന്റാക്കാനായിരുന്നു ധാരണ. എന്നാല്‍ ഇത്തരം ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് പ്രസിഡന്റ് സി.പി.എം. നേതൃത്വത്തിന് കത്ത് നല്‍കി. ഇതേതുടര്‍ന്നാണ് പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഏഴ് അംഗങ്ങള്‍ മാത്രമുള്ള എല്‍.ഡി.എഫിന് സ്വന്തമായി അവിശ്വാസം വിജയിപ്പിക്കാനും കഴിയില്ല എന്ന ധാരണയിലായിരുന്നു പ്രസിഡന്റ്. എന്നാല്‍ അവസാനനിമിഷം എല്‍.ഡി.എഫിനെ സഹായിച്ച് കോണ്‍ഗ്രസും രംഗത്തെത്തി അവിശ്വാസം വിജയിപ്പിച്ചു.

More News from Thiruvananthapuram