കരുണാകരന്‍ സ്മാരക ബീച്ച് ഫുട്‌ബോള്‍ ശംഖുംമുഖത്ത്

Posted on: 23 Dec 2012തിരുവനന്തപുരം: കെ. കരുണാകരന്റെ സ്മരണാര്‍ത്ഥമുള്ള കെ. കരുണാകരന്‍ സ്മാരക അഖിലേന്ത്യാ ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശംഖുംമുഖത്ത് 27 മുതല്‍ 30വരെ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ബീച്ച് സോക്കര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

27ന് വൈകീട്ട് 6.30ന് കേന്ദ്രമന്ത്രി ശശി തരൂര്‍ കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് ടൂര്‍ണമെന്റിനോടനുബന്ധിച്ചുള്ള കാര്‍ണിവലിന് തിരിതെളിയിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 28ന് വൈകീട്ട് 6.30ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. മേയര്‍ അഡ്വ. കെ. ചന്ദ്രിക വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

വിജയികള്‍ക്ക് കെ. കരുണാകരന്‍ സ്മാരക എവര്‍ റോളിങ് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. റണ്ണേഴ്‌സ് അപ്പിന് മോണ്‍സിഞ്ഞോല്‍ ജയിംസ് അമാഡോ സ്മാരക എവര്‍റോളിങ് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. ടൂര്‍ണമെന്റിനൊപ്പം ഈ ദിവസങ്ങളില്‍ മത്സരശേഷം നൃത്ത-സംഗീത കലാപരിപാടികളും അരങ്ങേറും.

പത്രസമ്മേളനത്തില്‍ അഡ്വ. ലഡ്ഗര്‍ബാവ, ഗീവര്‍ഗീസ്, തമ്പാനൂര്‍ സതീഷ്, ബാബുജി, അയൂബ്ഖാന്‍, പി. സ്റ്റെല്ലസ്, ജോസഫ് പെരേര, ജോയി ടി.ടി.പി, നിക്‌സണ്‍ എഡിസണ്‍, ജെ.എല്‍. ബിനു എന്നിവര്‍ സംബന്ധിച്ചു.

More News from Thiruvananthapuram