രോഗബാധിതനായ പ്രവാസി മലയാളി നാട്ടിലെത്താന്‍ സഹായം തേടുന്നു

Posted on: 23 Dec 2012വര്‍ക്കല: രോഗബാധിതനായി ദുബായിലെ ആസ്​പത്രിയില്‍ കഴിയുന്ന മലയാളിയെ വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നതിന് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയാകുന്നില്ല. വര്‍ക്കല ചെറുകുന്നം ഷെമിനിവാസില്‍ ആര്‍. മോഹന്‍ദാസാണ് (56) ചികിത്സയില്‍ കഴിയുന്നത്. അഞ്ച് വര്‍ഷമായി ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തുവരുന്ന മോഹന്‍ദാസിന് കഴിഞ്ഞയാഴ്ച നെഞ്ച് വേദന ഉണ്ടായതിനെ തുടര്‍ന്നാണ് ദുബായിലെ റാഷിദിയ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗത്തിന് കാര്യമായ കുറവുണ്ടാകാത്തതിനാല്‍ നാട്ടിലേക്ക് വരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ വിസയുടെ കാലാവധിയും കഴിഞ്ഞിരുന്നു. പൊതുമാപ്പിന്റെ ആനുകൂല്യം ഉള്ളതിനാല്‍ നാട്ടിലേക്ക് കയറാന്‍ മറ്റ് തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല.

എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്‍ അപകടവുമായി ബന്ധപ്പെട്ട് വാഹന ഉടമ നല്‍കിയ നഷ്ടപരിഹാരക്കേസ് നിലനില്‍ക്കുന്നതിനാല്‍ അത് ഒത്തുതീര്‍പ്പാക്കാതെ നാട്ടിലേക്ക് കയറ്റിവിടാന്‍ കഴിയില്ലെന്നായിരുന്ന അധികൃതരുടെ നിലപാട്.

വിസ കാലാവധി കഴിഞ്ഞ് ജോലി ചെയ്ത കേസ്സായതിനാല്‍ വിമാനത്തവളത്തിന് പുറത്തേക്ക് പോകാനാകില്ലെന്നും കേസ് തീര്‍പ്പായാലേ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ ആസ്​പത്രിയിലേക്ക് മാറ്റുകയായിരുന്നു.

പൊതുമാപ്പിന്റെ ആനുകൂല്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുബായിലെ കോടതിയില്‍ താരതമ്യേന കേസ്സുകള്‍ കൂടുതലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടിയന്തരമായി മോഹന്‍ദാസിന്റെ കേസ് കോടതി പരിഗണിക്കണമെങ്കില്‍ ഇന്ത്യന്‍ എംബസിയും സര്‍ക്കാരും ഇടപെടണം. ഈ വിവരം മോഹന്‍ദാസ് നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യ റസീനബീവിയും മക്കളും ചേര്‍ന്ന് കേന്ദ്രമന്ത്രി ശശിതരൂര്‍, എ.സമ്പത്ത് എം. പി., നോര്‍ക്ക എന്നിവര്‍ക്കും നിവേദനം നല്‍കി. എന്നാല്‍ ഫലപ്രദമായ യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിസ കാലാവധി കഴിഞ്ഞതിനാല്‍ സ്‌പോണ്‍സറും കൈയൊഴിയുകയാണ്. എത്രയും വേഗം മോഹന്‍ദാസിനെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

More News from Thiruvananthapuram