മാനവ സൗഹാര്‍ദയാത്ര തിരുവനന്തപുരത്തെത്തി

Posted on: 23 Dec 2012തിരുവനന്തപുരം: ഇന്ത്യയുടെ മാനവ സൗഹാര്‍ദാന്തരീക്ഷം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അയോധ്യാ കീ ആവാസ് നേതാവ് യുഗല്‍കിഷോര്‍ ശാസ്ത്രിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നിന്നും ചെന്നൈയിലേക്ക് നടത്തുന്ന മാനവ സൗഹാര്‍ദ യാത്ര തിരുവനന്തപുരത്തെത്തി. ഈ മാസം 15 ന് ആരംഭിച്ച യാത്ര 27 ന് ചെന്നൈയില്‍ സമാപിക്കും. ഇന്ത്യന്‍ ഹാര്‍മണി ഫൗണ്ടഷന്‍, എന്‍.എ.പി.എം, സര്‍വ ധര്‍മ്മ സദ്ഭാവനാ ട്രസ്റ്റ് എന്നിവ സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. 19 പേരാണ് സംഘത്തിലുള്ളത്. കേരളത്തിലെ യാത്ര തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച് ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, വൈക്കം, എരുമേലി, മാരാമണ്‍ എന്നീ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് നിന്നും സംഘം കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചു.

എല്ലാ മതക്കാര്‍ക്കും ഏറെ പവിത്രമായ സ്ഥലമാണ് അയോധ്യയെന്ന് യുഗല്‍ കിഷോര്‍ ശാസ്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. അയോധ്യ തങ്ങളുടേത് മാത്രമാണെന്ന ഭ്രാന്തമായ ചിന്ത മാറ്റി ഇന്ത്യയുടെ മതേതരത്വത്തിന്റെ മാതൃകയാണ് അവിടം എന്ന പ്രചാരണമാണ് തങ്ങളുടെ യാത്രയുടെ മുഖ്യവിഷയം. ബാബറി മസ്ജിദ് തകര്‍ത്ത സംഭവവും അതുമായി ബന്ധപ്പെട്ട് ഇരയായവര്‍ക്ക് നീതി ലഭിക്കാത്തതും തെറ്റാണ്. ഇന്ത്യ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മനുഷ്യ സൗഹാര്‍ദത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് പകരാനുമാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യാത്രാംഗങ്ങളായ സഫറുള്ളഖാന്‍, സന്ദീപ് പാണ്ഡെ, പി.ടി.എം. ഹുസൈന്‍, എം.എന്‍. ഗിരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

More News from Thiruvananthapuram