വാടക കൂട്ടിക്കിട്ടാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്ന് കോടതി

Posted on: 23 Dec 2012തിരുവനന്തപുരം: കരാറില്‍ വാടക കൂട്ടിചോദിക്കാന്‍ വ്യവസ്ഥയില്ലെങ്കിലും കെട്ടിട ഉടമയ്ക്ക് കമ്പോള നിരക്കിലുള്ള വാടകയ്ക്ക് അവകാശമുണ്ടെന്ന് തിരുവനന്തപുരം റെന്റ് കണ്‍ട്രോള്‍ കോടതി വിധി പറഞ്ഞു. എം.ജി. റോഡില്‍ സ്‌പെന്‍സര്‍ ടവേഴ്‌സിലുള്ള 33129 ചതുരശ്രയടി കെട്ടിടഭാഗം 99 വര്‍ഷത്തേക്ക് കനറാ ബാങ്ക് 1993 ല്‍ വാടകയ്ക്ക് എടുത്തിരുന്നു. വാടകച്ചീട്ടില്‍ ചതുരശ്രയടിക്ക് 4.18 രൂപയാണ് മാസവാടകയായി നിശ്ചയിക്കപ്പെട്ടിരുന്നത്.

വാടക കാലാവധി കഴിയുന്നതുവരെ സ്ഥലഉടമയ്ക്ക് വാടക കൂട്ടിചോദിക്കാന്‍ അവകാശമുണ്ടായിരിക്കില്ല എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുകൊണ്ട് കെട്ടിടത്തിന്റെ കമ്പോളവാടക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ദേവ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ കെ. വേണുഗോപാലന്‍ നായരാണ് ഹര്‍ജി നല്‍കിയത്. കെട്ടിട ഉടമയ്ക്ക് വാടകനിയന്ത്രണ നിയമം അനുസരിച്ച് ഈ വിഷയത്തിലുള്ള സുപ്രീംകോടതി വിധികളനുസരിച്ച് കമ്പോളനിരക്ക് ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും കോടതി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ചതുരശ്ര അടിക്ക് പ്രതിമാസം 40 രൂപ വാടക നിശ്ചയിച്ച് തിരുവനന്തപുരം റെന്റ് കണ്‍ട്രോള്‍ കോടതി വി.ബി. സുജയമ്മ വിധിപറഞ്ഞു. വാദിക്കുവേണ്ടി അഡ്വക്കേറ്റ് പി.എ. അഹമ്മദ് ഹാജരായി.

More News from Thiruvananthapuram