ജോലിക്കായി കൊണ്ടുവന്ന ബിഹാറി ബാലന് ചൈല്‍ഡ് ലൈന്‍ തുണയായി

Posted on: 23 Dec 2012



തിരുവനന്തപുരം: കരാറുകാരന്‍ ജോലിക്കായി കൊണ്ടുവന്ന ബിഹാറി ബാലന് ചൈല്‍ഡ് ലൈന്‍ തുണയായി. ബിഹാര്‍, ലാല്‍സരിയ വെസ്റ്റ് ചമ്പതനില്‍ ബിലാസിന്റെയും സില്‍കന്തിദേവിയുടെയും മകന്‍ ധര്‍മ്മേന്ദര്‍കുമാറി (13) നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ മാസം 24 നാണ് കരാറുകാരന്‍ ജോലിക്കായി ധര്‍മേന്ദര്‍ കുമാറിനെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ഇവിടെ വച്ച് കൂട്ടം തെറ്റി ധര്‍മേന്ദര്‍ ഒറ്റയ്ക്കായി. തുടര്‍ന്ന് റെയില്‍വേ പോലീസ് ധര്‍മേന്ദറെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൈവശം കിട്ടുമ്പോള്‍ ധര്‍മേന്ദര്‍ അവശനായിരുന്നു. തുടര്‍ന്ന് ജനറല്‍ ആസ്​പത്രിയിലും മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും നടത്തിയ പരിശോധനയില്‍ ധര്‍മേന്ദറിന് ടൈഫോയിഡാണെന്ന് തിരിച്ചറിഞ്ഞു. മെഡിക്കല്‍ കോളേജ് ആസ്​പത്രി 16-ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ധര്‍മേന്ദറിന്റെ വീട്ടുകാരെ വിവരമറിയിച്ചു.

ശനിയാഴ്ച തിരുവനന്തപുരത്ത് ധര്‍മേന്ദറിന്റെ അച്ഛന്‍ ഒരു ബന്ധുവുമായി എത്തി. ചികിത്സ കഴിഞ്ഞശേഷം ഞായറാഴ്ച രാവിലെ ധര്‍മേന്ദറിനെ ബന്ധുക്കള്‍ക്കൊപ്പം വിടും. പഞ്ചാബില്‍ കൂലിത്തൊഴിലാളിയാണ് ധര്‍മേന്ദറിന്റെ അച്ഛന്‍. അമ്മ സില്‍കന്തിദേവിയും മൂന്ന് സഹോദരങ്ങളുമാണ് വീട്ടില്‍.

More News from Thiruvananthapuram