ഓട്ടോഡ്രൈവറെ മര്‍ദിച്ച് ആഭരണങ്ങളും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍

Posted on: 10 Feb 2012



തിരുവനന്തപുരം: സവാരിക്ക് വിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറെ മര്‍ദിച്ച് റോഡില്‍ തള്ളിയശേഷം മാലയും മോതിരവും പണവും കവര്‍ന്ന പ്രതിയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഠിനകുളം ചാന്നാങ്കര പള്ളിക്കു സമീപം നസീന മന്‍സിലില്‍ ഷാനുവെന്ന ഷാനവാസാ(30)ണ് അറസ്റ്റിലായത്. നെടുമങ്ങാട് മണ്ണൂര്‍ക്കല കൊക്കുടിമുറിയിലെ പ്രശാന്തിനെയാണ് ഷാനവാസ് മര്‍ദിച്ചതിനു ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്.

ജനവരി 28ന് രാത്രിയായിരുന്നു സംഭവം. കണിയാപുരം ക്ലേ ഫാക്ടറിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷമായിരുന്നു കവര്‍ച്ച. ഗുണ്ടാ നിയമപ്രകാരം ജയില്‍വാസമനുഭവിച്ച ഇയാള്‍ നഗരത്തില്‍ നടന്ന നിരവധി മാല പിടിച്ചുപറിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പള്ളിപ്പുറം തെക്കേവിളക്കുമുറിയില്‍ കെ.എന്‍.കെ. വീട്ടിലെ കുട്ടിയുടെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച കേസിലെയും ആറ്റിങ്ങല്‍ വട്ടവിള ജങ്ഷനില്‍ അനിതാദേവിയുടെ മാല പിടിച്ചുപറിച്ച കേസിലെയും കല്ലറ പുളിമാത്ത് കിഴക്കത് വീട്ടില്‍ ജിജിരാജിന്റെ മാല പിടിച്ചുപറിച്ചെന്ന കേസുകളിലും ഇയാള്‍ പ്രതിയാണ്.

കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എട്ട് പിടിച്ചുപറിക്കേസുകളിലും പ്രതിയാണ്. തകരപ്പറമ്പിലെ ശങ്കര്‍ എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയുമാണ്.

കൊല്ലത്തെ ഗുണ്ടകളായ മനുഗോപന്‍, ഉടുമ്പ് ഷിബു, കുഞ്ഞുമോന്‍, ഷാജി എന്നിവരുടെ സംഘത്തിലുള്ളയാളാണ്.

കന്‍േറാണ്‍മെന്റ്, ആറ്റിങ്ങല്‍, പേരൂര്‍ക്കട, മംഗലപുരം, ചിറയിന്‍കീഴ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ്, ഡി.സി.പി. വി.സി.മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് എ.സി. എം.രാധാകൃഷ്ണന്‍ നായര്‍, തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയില്‍, എസ്.ഐ മാരായ ആര്‍.ശിവകുമാര്‍, ജോണ്‍ ജേക്കബ്, എ.എസ്.ഐ. ആല്‍ഫ്രഡ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

More News from Thiruvananthapuram