കരകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കുടിവെള്ളം
Posted on: 10 Feb 2012
കരകുളം: കുടിവെള്ളക്ഷാമം രൂക്ഷമായ കരകുളം ഗ്രാമപ്പഞ്ചായത്തിനുവേണ്ടി ഒന്നരക്കോടി ചെലവില്‍ നിര്‍മിച്ച ശുദ്ധജലവിതരണ പദ്ധതിയില്‍നിന്നും തിരുവനന്തപുരം നഗരസഭാ പ്രദേശത്തേക്ക് കുടിവെള്ളം കൊണ്ടുപോകാന്‍ പദ്ധതി.
ജന്റം പദ്ധതി പ്രകാരം നഗരസഭാ പ്രദേശത്ത് സ്ഥാപിക്കുന്ന പുതിയ ജലവിതരണശൃംഖലയ്ക്കാണ് കരകുളം പദ്ധതിയില്‍നിന്നും ശുദ്ധജലം കൊണ്ടുപോകാന്‍ ആലോചിക്കുന്നത്. തിരുവനന്തപുരം വാട്ടര്‍ സപ്ലൈ സ്‌കീമില്‍നിന്നും ജലവിതരണം നടത്തുന്നതിനിടയിലാണ് ജന്റം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം നഗരസഭയുടെയും കരകുളം ഗ്രാമപ്പഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശമായ വഴയില ക്രൈസ്റ്റ്‌നഗര്‍ റോഡില്‍ തരംഗിണി ജങ്ഷനില്‍ ഇന്റര്‍കണക്ഷന്‍ വാല്‍വ് സ്ഥാപിച്ച് കരകുളം പദ്ധതിയില്‍നിന്നും ശുദ്ധജലം നഗരസഭയിലേക്ക് തിരിച്ചുവിടാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം വാട്ടര്‍സപ്ലൈ സ്‌കീമിന്റെ 80 എം.എം. ജി.ഐ. പൈപ്പ്‌ലൈന്‍ ക്രൈസ്റ്റ്‌നഗറിന് സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. ജന്റം പദ്ധതിപ്രകാരം സ്ഥാപിച്ചിരിക്കുന്നത് 140 എം.എം. പി.വി.സി. പൈപ്പാണ്. 80 എം.എം. പൈപ്പില്‍നിന്നും 140 എം.എം. പൈപ്പിലേക്ക് വെള്ളം കടത്തിവിടാനുള്ള സാങ്കേതിക ബുദ്ധിമുട്ടാണ് കരകുളം ലൈനുമായി ജന്റം ലൈന്‍ കൂട്ടിയോജിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. തരംഗിണി ജങ്ഷന് സമീപത്ത് കടന്നുപോകുന്ന കരകുളം പദ്ധതിയുടെ 160 എം.എം. പി.വി.സി. ലൈന്‍ ജന്റം ലൈനുമായി ഇന്റര്‍ കണക്ഷന്‍ വാല്‍വ് സമ്പ്രദായത്തിലൂടെ യോജിപ്പിക്കാനാണ് നീക്കം.
ആകെ അഞ്ച് എം.എല്‍.ഡി. ജലശുദ്ധീകരണശേഷിയുള്ള പ്ലാന്റാണ് കരകുളം പദ്ധതിക്കായി അരുവിക്കര കുമ്മിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ജനസംഖ്യാനുപാതികമായി ഇത്രയും ശുദ്ധജലം കരകുളം പഞ്ചായത്തിന് മതിയാകാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കരകുളം പദ്ധതിയില്‍നിന്നും നഗരത്തിലേക്കുകൂടി കുടിവെള്ളം വിതരണം ചെയ്യേണ്ടിവന്നാല്‍ കരകുളത്തെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. ക്രൈസ്റ്റ്‌നഗര്‍, തരംഗിണി ഗാര്‍ഡന്‍സ് എന്നിവ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളാണ്. അതിനാല്‍ ഇതുവഴിയുള്ള പൈപ്പ് ലൈനിലൂടെ ജലത്തിന്റെ കുത്തൊഴുക്കുണ്ടാവുകയും കരകുളം പഞ്ചായത്തിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായി മുടങ്ങുകയും ചെയ്യുമെന്നതാണ് പദ്ധതിയുടെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.