വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി മാല കവര്‍ന്നു

Posted on: 10 Feb 2012



തിരുവനന്തപുരം: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി രണ്ടര പവന്റെ മാല മോഷ്ടിച്ചു. തിരുമല ആലപ്പുറം സ്വദേശിനി അര്‍ച്ചനയുടെ സ്വര്‍ണാഭരണമാണ് നഷ്ടമായത്. ആലപ്പുറം ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി 8.30 നാണ് കവര്‍ച്ച നടന്നത്. സഹോദരിയുമൊത്ത് അര്‍ച്ചന സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുകയായിരുന്നു. ജങ്ഷന് സമീപമെത്തിയപ്പോള്‍ ചുവന്ന ബൈക്കില്‍ എത്തിയയാള്‍ കുറുകെ ബൈക്ക് നിര്‍ത്തി. പൊടുന്നനെ ബൈക്ക് കുറുകെ എത്തിയപ്പോള്‍ അപകടം ഒഴിവാക്കാന്‍ അര്‍ച്ചന സ്‌കൂട്ടര്‍ റോഡിന്റെ അരികിലേക്ക് മാറ്റിനിര്‍ത്തി. ഈസമയം വഴിയാത്രികനെന്ന വ്യാജേന നടന്നുപോകുകയായിരുന്നയാള്‍ മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് അയാള്‍ ബൈക്കിന്റെ പിന്നിലേക്ക് ഓടിക്കയറി. ബൈക്ക് അമിതവേഗത്തില്‍ ഓടിച്ച് പോകുകയും ചെയ്തു. നീല ഹെല്‍മെറ്റും ടീ ഷര്‍ട്ടും ധരിച്ചയാളാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് ഇവര്‍ പൂജപ്പുര പോലീസിനോട് പറഞ്ഞു.

സംഭവത്തിന് ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ ചുള്ളമുക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുബൈക്കുകള്‍ പോലീസ് കണ്ടെത്തി. ബൈക്കിലെത്തിയവര്‍ പട്രോളിങ് പോലീസ് സംഘത്തെ കണ്ട് വണ്ടി ഉപേക്ഷിച്ച് റെയില്‍വേ ട്രാക്കിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരു ബൈക്ക് ചുവപ്പ് നിറത്തിലുള്ളതാണ്. മോഷ്ടാക്കള്‍ ഉപയോഗിച്ച ബൈക്കിന്റെ അതേ ശ്രേണിയിലുള്ളതാണ് പിടിച്ചെടുത്തിട്ടുള്ളത്. വാഹനത്തിന്റെ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

More News from Thiruvananthapuram