വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റിനുനേരെ കൈയേറ്റശ്രമം: പ്രതിപക്ഷഅംഗത്തിനെതിരെ പരാതിനല്‍കി
Posted on: 10 Feb 2012
വിളവൂര്‍ക്കല്‍: പഞ്ചായത്ത് അംഗങ്ങള്‍ക്കിരിക്കാന്‍ മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് വിളവൂര്‍ക്കലില്‍ പ്രതിപക്ഷഅംഗം പ്രസിഡന്റിനെ തള്ളിമാറ്റി അവരുടെ കസേര കൈയേറിയതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുകുമാരിഅമ്മ സി.പി.എം. അംഗം പ്രശാന്തിനെതിരെ മലയിന്‍കീഴ് പോലീസിന് പരാതിനല്‍കി. പഞ്ചായത്ത് ഓഫീസില്‍അംഗങ്ങള്‍ക്കനുവദിച്ചിരുന്ന മുറി അടുത്ത നാളായി വികസന സമിതി സ്ഥിരം അധ്യക്ഷ ഉപയോഗിക്കുകയണ്. ഇതിനെച്ചൊല്ലി ചില പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച ഇതേമുറിയില്‍ ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനായി ചില പ്രേരക്മാര്‍ ഇരുന്നു. ഇവരോട് അവിടെനിന്ന് മാറണമെന്ന് സ്ഥിരംസമിതി അധ്യക്ഷ ലാലി ആവശ്യപ്പെട്ടു. പ്രേരക്മാര്‍ പരാതിയുമായി പ്രസിഡന്റിനെ സമീപച്ചപ്പോള്‍ ഇതുകേട്ടുനിന്ന അംഗം ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ സമയം കസേരയില്‍നിന്ന് എഴുന്നേറ്റ പ്രസിഡന്റ് സുകുമാരിഅമ്മയെ അവിടെനിന്ന് തള്ളിമാറ്റി. അംഗം പ്രശാന്ത് അവിടെക്കയറി ഇരുന്നു. തുടര്‍ന്ന് പുറത്തേയ്ക്കിറങ്ങിയ അംഗം പ്രസിഡന്റിന്റെ ഓഫീസ് മുറിക്കുമുന്നില്‍ പേരെഴുതി വെച്ചിരുന്ന ബോര്‍ഡ് വലിച്ചിളക്കി നിലത്തെറിഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരവധിപേര്‍ ഈ സമയം ഓഫീസിലുണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്താഫീസിനുനേരെയും ഒരു സ്ത്രീയെന്ന പരിഗണനകൂടാതെ തന്റെനേരെയും അതിക്രമം നടത്തുന്ന സമീപനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ആര്‍. സുകുമാരിഅമ്മ ആവശ്യപ്പെട്ടു.