അവധിത്തര്‍ക്കം കോണ്‍സ്റ്റബിള്‍ ഇന്‍സ്‌പെക്ടറുമായി കൈയാങ്കളി
Posted on: 10 Feb 2012
കൊല്ലങ്കോട്: അവധി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പോലീസ് കോണ്‍സ്റ്റബിളും ഇന്‍സ്‌പെക്ടറും തമ്മിലുള്ള കൈയാങ്കളിയില്‍ എത്തിച്ചേര്‍ന്നു. പരിക്കേറ്റ ഇരുവരെയും സമീപത്തെ സര്‍ക്കര്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. കൊല്ലങ്കോട് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ് പന്ത്രണ്ടാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ അരുണാചലം (33), ഇന്‍സ്‌പെക്ടര്‍ ഹരിഹരനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. കേരളത്തിലേക്കുള്ള മണല്‍ കടത്തല്‍ തടയാന്‍ വേണ്ടി ജില്ലാതിര്‍ത്തിയൊട്ടാകെ മുപ്പത് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ കാവല്‍ഡ്യൂട്ടി പന്ത്രണ്ടാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കാണ്. ഇവര്‍ക്ക് താത്കാലികമായി താമസിക്കാന്‍ കൊല്ലങ്കോട് പോലീസ് ക്വാര്‍ട്ടേഴ്‌സാണ് നല്‍കിയിട്ടുള്ളത്.
കൊല്ലങ്കോട് പ്രദേശത്തെ ചെക്ക്‌പോസ്റ്റുകളുടെ നിയന്ത്രണം ഇന്‍സ്‌പെക്ടര്‍ ഹരിഹരന്റെ കീഴിലാണ്. ഇദ്ദേഹത്തിന്റെ കീഴിലാണ് കോണ്‍സ്റ്റബിള്‍ അരുണാചലം ജോലി നോക്കുന്നത്.
കഴിഞ്ഞമാസം തന്നെ കോണ്‍സ്റ്റബിള്‍ അവധിക്ക് അപേക്ഷിച്ചുവെങ്കിലും അത് നല്‍കാന്‍ ഇന്‍സ്‌പെക്ടര്‍ തയ്യാറായില്ലെന്ന് പറയുന്നു.
തുടര്‍ന്നാണ് അടുത്തടുത്ത് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ പരസ്പരം ജാതിവിളിച്ചു ആക്ഷേപിച്ചശേഷമാണ് കൈയാങ്കളിയില്‍ എത്തിയത്. സഹപ്രവര്‍ത്തര്‍ ഇടപെട്ട് പരിക്കേറ്റ കോണ്‍സ്റ്റബിളിനെ കുഴിത്തുറ താലൂക്ക് ആസ്പത്രിയിലും ഇന്‍സ്‌പെക്ടറെ കൊല്ലങ്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
കൊല്ലങ്കോട് പോലീസ് ഇരുവരുടെയും പരാതി സ്വീകരിച്ചു. പരസ്പരം പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം വകുപ്പുതല അന്വേഷണവും ആരംഭിച്ചു.