കന്യാകുമാരി ജില്ലയില്‍ ലോഡ്‌ഷെഡിങ് പത്തുമണിക്കൂര്‍ കടന്നു

Posted on: 10 Feb 2012



നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ പ്രഖ്യാപിത ലോഡ്‌ഷെഡിങ് ആയ ദിവസേന രണ്ടുമണിക്കൂര്‍ എന്നത് കഴിഞ്ഞ ഏതാനും ദിവസമായി പത്തുമണിക്കൂറായി ഉയര്‍ന്നു. ജില്ലയില്‍ ഓരോ പ്രദേശത്തിന്റെയും രണ്ടുമണിക്കൂര്‍ പവര്‍കട്ടിന്റെ ഷെഡ്യൂള്‍ മാസം തുടങ്ങുമ്പോള്‍ വൈദ്യുതി വകുപ്പ് അറിയിക്കാറുണ്ട്. അതനുസരിച്ചാണ് പൊതുജനങ്ങള്‍ അവരുടെ ഒരുമാസത്തെ ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകല്‍ മൂന്നുമണിക്കൂര്‍ വീതം രണ്ടുപ്രാവശ്യവും അതുപോലെ രാത്രി രണ്ട് മണിക്കൂര്‍ ഇടവിട്ട് 45 മിനിട്ടുവീതം അഞ്ചുതവണയുമാണ് പവര്‍കട്ട് നടപ്പാക്കുന്നത്. ഇതുകാരണം പൊതുജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്.

പരീക്ഷാകാലവും അടുത്തുവരുന്നു. രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവര്‍ ആരും തന്നെ ഈ പ്രശ്‌നത്തെക്കുറിച്ച് അത്രകണ്ട് പ്രതികരിച്ചുകണ്ടില്ല. മഴക്കാലം കഴിഞ്ഞ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് അടുത്തിടെ അവസാനിച്ച നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പ്രശ്‌നത്തിന് ശാശ്വതപരിഹാരമോ താല്‍ക്കാലിക പരിഹാരമോ ഉണ്ടാക്കാന്‍ മാറിമാറി ഭരിച്ച ദ്രാവിഡ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും കാലം കൂടംകുളം ആണവനിലയത്തെ മുന്നില്‍ നിര്‍ത്തിയാണ് പൊതുജനത്തെ കബളിപ്പിച്ചുവന്നത്. കൂടംകുളത്ത് പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി നല്‍കുന്നില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. കൂടംകുളം പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിക്കാനിരിക്കുന്നതിനിടയില്‍ പദ്ധതിക്ക് ജനപിന്തുണ ലഭിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ പവര്‍കട്ടെന്നും അഭിപ്രായമുണ്ട്.

More News from Thiruvananthapuram