മതിയായ താമസ സൗകര്യങ്ങളില്ല; അന്യ സംസ്ഥാന തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം
Posted on: 10 Feb 2012
കോവളം: അന്യ സംസ്ഥാനങ്ങളില്‍നിന്നും തൊഴില്‍തേടി സംസ്ഥാനത്ത് എത്തിയ തൊഴിലാളികള്‍ മതിയായ താമസസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ദുരിതപൂര്‍ണമായി ജീവിതം തള്ളിനീക്കുന്നു. വെങ്ങാനൂര്‍ പഞ്ചായത്തിലെ ചാവടിനട, ചിറത്തലവിളാകം, പെരിങ്ങമ്മല, ഉച്ചക്കട, കോട്ടുകാല്‍ പഞ്ചായത്തിലെ പയറ്റുവിള, നെല്ലിമൂട്, പുളിങ്കുടി, നഗരസഭാ വാര്‍ഡുകളില്‍പ്പെടുന്ന മുക്കോല, മുല്ലൂര്‍, പീച്ചേട്ടുകോണം, കല്ലുവെട്ടാന്‍കുഴി, നെല്ലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇവിടങ്ങളില്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് ഇടുങ്ങിയ മുറികളില്‍ തങ്ങാവുന്നതിലധികം തൊഴിലാളികള്‍ കൂട്ടമായി താമസിക്കുകയാണ്.
വിഴിഞ്ഞത്തിനടുത്തുള്ള ഉച്ചക്കടയില്‍ റോഡരികിലുള്ള കടകളുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക്മുകളില്‍പോലും നൂറിലധികം പേര്‍ ഒരുമിച്ച് താമസിച്ചുവരുന്നു. ഇവര്‍ക്ക് കുടിക്കാനോ കുളിക്കാനോ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ ഇല്ലാത്തത് ജീവിതം ദുസ്സഹമായിത്തീര്‍ക്കുകയാണ്.
അസുഖബാധിതരായവരും ഇക്കൂട്ടത്തിലുണ്ട്. പനി ബാധിച്ച ബംഗാള്‍ സ്വദേശി മതിയായ ചികിത്സ കിട്ടാതെ മരണപ്പെട്ടതും അടുത്തിടെയാണ്. ബംഗാള്‍, ബിഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ എണ്ണത്തെ സംബന്ധിച്ച് പോലീസിനോ മറ്റുള്ള അധികൃതര്‍ക്കോ യാതൊരു വിവരവും ലഭ്യമല്ല.
ചില സ്വകാര്യവ്യക്തികളുടെ നേതൃത്വത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികളെ പ്രദേശങ്ങളില്‍ താമസിപ്പിച്ചിരിക്കുന്നത്. കോണ്‍ട്രാക്ട് ജോലികള്‍ക്ക് കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്ക് മതിയായ ശമ്പളം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. താമസിക്കുന്ന വീടിന് ഓരോ തൊഴിലാളിയും ദിനംപ്രതി നിശ്ചിത തുക സ്വകാര്യവ്യക്തിക്ക് നല്‍കിയാണ് കഴിയുന്നത്.
കൂട്ടമായി താമസിക്കുന്ന തൊഴിലാളികളുടെ മദ്യപാനവും ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും പ്രദേശത്തെ മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.