പരിഹാര കര്‍മം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഉപഹര്‍ജി കോടതി തളളി

Posted on: 10 Feb 2012



തിരുവനന്തപുരം: ദേവപ്രശ്‌നത്തിന്റെ വെളിച്ചത്തില്‍ നടക്കുന്ന പരിഹാര കര്‍മങ്ങള്‍ക്ക് കൂടുതല്‍ സ്വര്‍ണക്കുടങ്ങള്‍ വേണമെന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപഹര്‍ജി പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് വി.കെ.ബാബുപ്രകാശ് തള്ളി. ഇതിന് പുറമെ ജനവരി മാസത്തില്‍ നടന്ന മാര്‍കഴി കളഭത്തിനായി കലവറകളില്‍ നിന്ന് പുറത്തെടുത്ത ഇരുന്നൂറോളം സ്വര്‍ണക്കുടങ്ങള്‍ ഉള്‍പ്പടെയുള്ളവ കലവറകളില്‍ ഉടന്‍ തിരികെവെയ്ക്കാനും കോടതി ഉത്തരവിട്ടു. ഇവ തിരികെ വെച്ച് ഫിബ്രവരി 13-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍മാരായ ബി.ശ്യാം, സുരേഷ്‌കുമാര്‍ എസ്. എന്നിവര്‍ക്ക് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നവും ഇപ്പോള്‍ നടക്കുന്ന പരിഹാര കര്‍മവും സുപ്രീംകോടതിയുടെ അറിവോ സമ്മതത്തോടെയോ അല്ല. ക്ഷേത്രത്തില്‍ നടന്നുവരുന്ന മതപരമായ പതിവ് ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടര്‍ന്ന് നടത്താന്‍ മാത്രമാണ് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുള്ളത്. 40 വര്‍ഷം മുന്‍പാണ് ക്ഷേത്രത്തില്‍ ഇതിനു മുന്‍പ് ദേവപ്രശ്‌നം നടത്തിയതെന്നതിനാല്‍ ഇത് പതിവ് ആചാരനുഷ്ഠാനമല്ലെന്നും കോടതി വിലയിരുത്തി. 2011 ഡിസംമ്പര്‍ 22-ന് മാര്‍കഴി കളഭത്തിനായി കലവറകളില്‍ നിന്ന് പുറത്തെടുത്ത സ്വര്‍ണക്കുടങ്ങള്‍ ഉത്സവത്തിന് ശേഷം തിരികെ വെയ്ക്കാന്‍ കൂട്ടാക്കാത്ത എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടി കോടതിയുത്തരവിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഈ കുടങ്ങള്‍ പരിഹാര കര്‍മങ്ങള്‍ക്ക് ശേഷമേ തിരികെ വെയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടി ദുരൂഹമാണ്. 600 ഗ്രാമിലധികം തൂക്കം വരുന്ന ഇരുന്നൂറോളം സ്വര്‍ണക്കുടങ്ങള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സൂക്ഷിക്കാന്‍ അധികാരമില്ല. കോടതി ചുമതലപ്പെടുത്തിയ അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ പലതവണ സ്വര്‍ണക്കുടങ്ങള്‍ ഉള്‍പ്പടെയുള്ളവ തിരികെവെയ്ക്കാന്‍ ക്ഷേത്രത്തില്‍ എത്തിയിട്ടും കോടതിയുത്തരവ് നടപ്പാക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂട്ടാക്കാത്ത നടപടിയെ കോടതി നിശിതമായി വിമര്‍ശിച്ചു.

More News from Thiruvananthapuram