ബാലരാമപുരത്തെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 10 Feb 2012
നെയ്യാറ്റിന്‍കര: ബാലരാമപുരത്ത് കടമുറിയില്‍ മൃതദേഹംകണ്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
തേമ്പാമുട്ടം പുത്രക്കാട് കോളനിയില്‍ അഭിലാഷ് എന്ന സുള്‍ഫിക്കര്‍ (48), ബാലരാമപുരം ആര്‍. സി. തെരുവ് പള്ളിവിളാകത്തുവീട്ടില്‍ ജോസഫ് എന്ന ജോസഫ് ആന്റണി (46) എന്നിവരാണ് അറസ്റ്റിലായത്. കോട്ടുകാല്‍ അന്തിയൂര്‍ നെല്ലിവിള പുത്തന്‍വീട്ടില്‍ മണിയനെ (55) കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. പി.ഗോപകുമാരന്‍ നായര്‍, സി.ഐ. ബി.എസ്.സജിമോന്‍, എ.എസ്.ഐമാരായ കാര്‍ത്തികേയന്‍, ദേവദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാവിലെ ബാലരാമപുരം കൊടിനടയില്‍ ജില്ലാ സഹകരണബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒരുകടമുറിയില്‍ മണിയനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ രണ്ടുപേര്‍ മര്‍ദിക്കുന്നത് കണ്ടതായി രണ്ടുയുവാക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് വൈകൃതസ്വഭാവമുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലയാളികളെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:കന്നുകാലി കച്ചവടക്കാരനായ മണിയന്‍ തുറസ്സായ കടമുറിയില്‍ വിശ്രമിക്കാറുണ്ട്. സംഭവദിവസം വൈകീട്ട് സുള്‍ഫിക്കറും ജോസഫ് ആന്റണിയും മറ്റൊരു സുഹൃത്തും ബിവറേജസില്‍ നിന്നും വാങ്ങിയ മദ്യവുമായി കടയിലെത്തി. മദ്യപാനത്തിനിടെ മണിയനുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കല്ലുകൊണ്ട് തലയിലിടിക്കുകയും ചവിട്ടി വാരിയെല്ല് ഒടിക്കുകയും ചെയ്തു. ഇതിനുശേഷം സ്ഥലംവിട്ട പ്രതികള്‍ സംഭവവുമായി ബന്ധമില്ലാത്ത ഭാവത്തില്‍ ബാലരാമപുരത്ത് നടക്കുകയായിരുന്നു. യുവാക്കള്‍ നല്‍കിയ വിവരമാണ് ഇവരെ കുടുക്കാന്‍ സഹായകമായതെന്ന് പോലീസ് അറിയിച്ചു.