രേഖകളില്ലാത്തതിനാല്‍ അംഗീകാരം കിട്ടാതെ ഒരു സമൂഹം

Posted on: 10 Feb 2012



പോത്തന്‍കോട്: തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ മംഗലപുരം പഞ്ചായത്തിലെ മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട നാനൂറോളം പേര്‍ ദുരിതക്കയത്തില്‍.

മംഗലപുരം ഗ്രാമപ്പഞ്ചായത്തില്‍ തോന്നയ്ക്കല്‍, ശാസ്തവട്ടം, പാട്ടം വാര്‍ഡുകളിലായാണ് ഇവരുടെ താമസം. ഭൂരിഭാഗംപേരും മരുന്നുവില്പനക്കാരാണ്. പച്ചമരുന്നുകള്‍ ശേഖരിച്ച് ഒറ്റമൂലികളുണ്ടാക്കി വില്‍ക്കുന്നു. കിട്ടുന്നത് തുച്ഛമായ വരുമാനവും. ചിലര്‍ കൂലിപ്പണിക്കു പോകും. ചിലര്‍ യാചകരാണ്. എല്ലാപേര്‍ക്കും മക്കളുടെ കാര്യമാണ് മുഖ്യം.

60 വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്കാശിയില്‍നിന്ന് എത്തിയവരുടെ പിന്‍മുറക്കാരാണെങ്കിലും ഇന്നത്തെ ഇവരുടെ കഷ്ടതയ്ക്ക് പരിഹാരം തേടാന്‍ നാട്ടുകാരും രംഗത്തുണ്ട്. പാട്ടത്തില്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂളിലെ അധ്യാപികമാരോടൊപ്പം വാര്‍ഡ് പ്രതിനിധികളായ ശ്രീലത, അനിതകുമാരി, അജികുമാര്‍ തുടങ്ങിയവര്‍ എല്ലാ കാര്യത്തിനും മുന്നിലുണ്ട്. തിരിച്ചറിയപ്പെടാത്ത മലമ്പണ്ടാരങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകളുണ്ടാക്കാനുള്ള ശ്രമത്തിലാണിവര്‍.

ശിങ്കാരന്‍-ഭഗവതി ദമ്പതിമാരും നാലു മക്കളും താമസിക്കുന്നത് ചെറിയൊരു ചായ്പിലാണ്. അലിയാരുകുഞ്ഞിന്റെ ചെറിയ വീടിനോടു ചേര്‍ന്ന ചായ്പില്‍. താമസിക്കാനിടമില്ലാതെ അലഞ്ഞപ്പോള്‍ കൊടുത്തതാണ് പേരിന് 100 രൂപ വാടകയ്ക്ക്. ഇങ്ങനെ പല വീടുകളിലും അഭയംതേടി ചെന്നവര്‍ക്കെല്ലാം ചായ്പുകള്‍ കിട്ടി. 100 മുതല്‍ 350 രൂപ വരെ വാടക നല്‍കണം. വൈദ്യുതി ആവശ്യമുണ്ടെങ്കില്‍ സൗകര്യം ചെയ്തുകൊടുക്കും. അതിന് പ്രത്യേകം തുക മാസംതോറും കൊടുക്കണം.

ഇവരുടെ കഷ്ടതകളറിഞ്ഞ് മംഗലപുരം ഗ്രാമപ്പഞ്ചായത്ത് രണ്ടു കുടുംബങ്ങള്‍ക്ക് സ്ഥലവും വീടുംനല്‍കാന്‍ തയ്യാറായതായി വാര്‍ഡ് പ്രതിനിധി പറഞ്ഞു. എന്നാല്‍ അപ്പോഴും നിയമതടസ്സമുണ്ടായി; ഇവരെ ഏത് ആനുകൂല്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന്. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ വില്ലേജ് ഓഫീസര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും കഴിയുന്നില്ല. മലമ്പണ്ടാര വിഭാഗത്തിന് കേരളത്തില്‍ സംവരണം നല്‍കിയിട്ടില്ല. ഇവരെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ആനുകൂല്യം നല്‍കണമെന്ന ആവശ്യവുമായി സ്ഥലം എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ശാസ്തവട്ടം വാര്‍ഡ് പ്രതിനിധി അജികുമാര്‍ പറഞ്ഞു.

42 വയസ്സുകാരനായ ബാബു കണ്ണീരോടെ പറയുന്നു: ''ഈ മണ്ണിലാണ് ഞാന്‍ ജനിച്ചത്. സമീപത്തുള്ള പാട്ടത്തില്‍ സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്നു പഠിക്കാനായില്ല. അച്ഛന്‍ ചുടലയാണ്ടിയില്‍നിന്ന് പാരമ്പര്യമായി കിട്ടിയ മരുന്നുവ്യാപാരമാണ് ഇപ്പോഴത്തെ തൊഴില്‍. മക്കളെ നല്ലരീതിയില്‍ പഠിപ്പിക്കണമെന്നുണ്ട്. മൂത്തമകന്‍ നല്ല മാര്‍ക്കോടെ പത്താംതരം കഴിഞ്ഞ് 11-ാം ക്ലാസില്‍ ചേരാന്‍ ചെന്നപ്പോള്‍ ജാതിയുടെ ആനുകൂല്യമില്ലെന്നു പറഞ്ഞു. വലിയ പൈസ കൊടുത്തു പഠിപ്പിക്കാന്‍ നിവൃത്തിയില്ല. അതുകൊണ്ട് പഠിപ്പുനിര്‍ത്തി ഇപ്പോള്‍ കൂലിപ്പണിക്കു പോകുകയാണ്.''

ബാബുവിന്റെ കുടുംബത്തില്‍ ആകെ ആറുപേര്‍ ഒരു മുറിയില്‍. മറ്റു നാലു മുറികളിലായി 21 പേരും. ഇവരെല്ലാംകൂടി ഒരു ചെറിയ കെട്ടിടത്തിലും. 120 കാരനായ ചുടലയാണ്ടിക്കും തൊണ്ണൂറിനടുത്ത അണ്ണാമലയ്ക്കും ഇപ്പോഴത്തെ താമസസ്ഥലത്തെക്കുറിച്ചേ ഓര്‍മയുള്ളൂ. തെങ്കാശി ഇവരും മറന്നു.

പഠനത്തില്‍ മികവു പുലര്‍ത്തുന്ന മക്കള്‍ക്കെങ്കിലും നല്ല ഭാവിയുണ്ടാകണമെന്ന് ആശിക്കുകയാണിവര്‍. ''അതിന് ഞങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ വേണം. താമസിക്കാനൊരിടവും'' -അവര്‍ പറയുന്നു.

More News from Thiruvananthapuram