പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ഓടിപ്പോയസംഭവം: മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: 10 Feb 2012



തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ നിന്ന് കൊലക്കേസിലെ പ്രതി ഓടിപ്പോയ സംഭവത്തില്‍ ഒരു എ.എസ്.ഐ. ഉള്‍പ്പെടെ മൂന്നുപോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. സുരേഷ് ചന്ദ്രബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീര്‍ത്ഥന്‍, വിക്രമന്‍ നായര്‍ എന്നിവരെയാണ് റൂറല്‍ എസ്. പി. സസ്‌പെന്‍ഡ് ചെയ്തത്. ബാലരാമപുരത്തെ കൊലപാതകക്കേസില്‍ പോലീസ് പിടികൂടിയ പള്ളിവിളാകം ആര്‍. സി. തെരുവില്‍ ജോസഫ് (46) എന്നയാളെ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തിച്ചിരുന്നു. മുന്‍ഭാഗത്തെ ബെഞ്ചില്‍ ഇരുന്ന ഇയാള്‍ സൗകര്യം ലഭിച്ചപ്പോള്‍ പുറത്തിറങ്ങി സ്ഥലംവിട്ടു. പിന്നീട് ബാലരാമപുരത്തെ ബാറില്‍ നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ബുധനാഴ്ച രാവിലെ പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ പൊതുഡ്യൂട്ടി, പാറാവ് എന്നിവയിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്കുനേരെയാണ് നടപടിയുണ്ടായത്. ഇവരുടെ അശ്രദ്ധ മൂലമാണ് പ്രതി രക്ഷപ്പെട്ടതെന്ന് നെയ്യാറ്റിന്‍കര ഡി വൈ.എസ്.പി. റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാലരാമപുരം അന്തിയൂര്‍ ചരലുവിളവീട്ടില്‍ മണിയനെ (55) കൊലപ്പെടുത്തിയ കേസിലാണ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരത്ത് ഒരു കടമുറിയിലാണ് മൃതദേഹം കണ്ടത്. അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.

More News from Thiruvananthapuram