സുരക്ഷാവേലിയില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ ജനത്തിന് ഭീഷണിയാകുന്നു

Posted on: 10 Feb 2012



കല്ലമ്പലം: കെ.എസ്.ഇ.ബി. പുതിയതായി സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് സംരക്ഷണവേലിയില്ലാത്തത് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പുതിയ ട്രാന്‍സ്‌ഫോര്‍മറുകളെല്ലാം തന്നെ റോഡിനോട് ചേര്‍ന്ന് നിര്‍മിക്കുന്നതും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുമ്പോള്‍ മികച്ച സംരക്ഷണവേലികള്‍ നിര്‍മിക്കുമായിരുന്നു. എന്നാല്‍ ഇന്ന് വേലികള്‍ക്ക് പകരമായി അങ്ങിങ്ങായി മൂന്നോ നാലോ തൂണുകള്‍ മാത്രമാണ് നാട്ടിയിരിക്കുന്നത്. ഇവയില്‍ പലതും നിര്‍മിച്ച് അധികകാലമാകുന്നതിന് മുമ്പ് നശിച്ച നിലയിലുമാണ്.

റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറുന്നതായും പരാതിയുണ്ട്. കല്ലമ്പലം മേഖലയിലെ ചാത്തമ്പറയില്‍ പറങ്കിമാംവിളയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷിത വേലിയില്ല. നൂറിലധികം വിദ്യാര്‍ഥികളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. ഇത് രക്ഷാകര്‍ത്താക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

കല്ലമ്പലം വൈദ്യുതി സെക്ഷന്‍ ഓഫീസിന് കീഴില്‍ വരുന്ന പഴയ ട്രാന്‍സ്‌ഫോര്‍മറുകളുടെ വേലി കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ അവസ്ഥയിലാണ്. ചിലതെല്ലാം കാടുകയറിയ സ്ഥിതിയിലുമാണ്. കാലോചിതമായി ഇതിന്റെ പരിസരം വൃത്തിയാക്കാത്തതും കമ്പിവേലികള്‍ പുനര്‍നിര്‍മിക്കാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ട്രാന്‍സ്‌ഫോര്‍മറുകള്‍ സുരക്ഷിത സ്ഥാനത്ത് മാറ്റി സ്ഥാപിക്കണമെന്നും പുതിയ സുരക്ഷിത വേലികള്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

More News from Thiruvananthapuram