പോലീസ് ജീപ്പ് മറിഞ്ഞ് എസ്.ഐ. അടക്കം നാലുപേര്‍ക്ക് പരിക്ക്
Posted on: 10 Feb 2012
കിളിമാനൂര്‍: പോലീസ് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് എസ്.ഐ. അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. കിളിമാനൂര്‍ എസ്.ഐ. എം.സുരേഷ് കുമാര്‍, എ.എസ്.ഐ. വേണുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീലാല്‍, സക്കീര്‍ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കേശവപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഗണപതിയാംകോണം കവലയ്ക്കു സമീപമാണ് അപകടം. ഗണപതിയാംകോണത്ത് ഒരു വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം ഇവിടേയ്ക്ക് പോയത്. സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പേ സ്റ്റിയറിങ് തിരിയാതെ വരികയും ജീപ്പ് ഇടതുവശത്തേക്കിടിച്ചുകയറി റോഡില്‍ മറിയുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസുകാരെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാന്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഉടമസ്ഥരാരും എത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.