സപ്ലൈകോ താലൂക്ക് ഡിപ്പോ ഓഫീസ് ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ചു
Posted on: 10 Feb 2012
ആറ്റിങ്ങല്‍: മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനങ്ങളും സ്ഥലം മാറ്റങ്ങളും നടത്തുന്നുവെന്നാരോപിച്ച് ആറ്റിങ്ങല്‍ സപ്ലൈകോ താലൂക്ക് ഡിപ്പോ ഓഫീസില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജോലി ബഹിഷ്‌കരിച്ച് ധര്‍ണ നടത്തി. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
പൊതുവിതരണ സംവിധാനത്തെ അട്ടിമറിക്കുന്നതരത്തില്‍ തൊഴിലാളി ദ്രോഹനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന ജീവനക്കാരെ നിലവിലുള്ള ഒഴിവിലേക്ക് പരിഗണിക്കാതെ സപ്ലൈകോ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റി പീഡിപ്പിക്കുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു.
സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം റീജണല്‍ മാനേജര്‍ എ.ചന്ദ്രിക, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ പ്രമീള എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നേതാക്കള്‍ അറിയിച്ചു. സി.ഭുവനചന്ദ്രന്‍ നായര്‍, ആറ്റിങ്ങല്‍ അനില്‍, എസ്.സജി കുമാര്‍, എസ്.അമര്‍ജ്യോതി, കാന്തിലാല്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പ്രസംഗിച്ചു.