അഞ്ചുതെങ്ങില്‍ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു
Posted on: 10 Feb 2012
ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തില്‍ ഭരണപക്ഷ അംഗം പാര്‍ട്ടി സ്ഥാനം രാജവെച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അയയുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഭരണമുള്ള പഞ്ചായത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസ്സും തുല്യകക്ഷിനിലയിലിരിക്കെ ഭരണപക്ഷഅംഗം തന്നെ ഭരണത്തിനെതിരെ തിരിഞ്ഞതാണ് പൊടുന്നനെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പഞ്ചായത്തിന്റെ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും ഒപ്പം ഭരണംതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന സ്ഥിതിയുമായതോടെ കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെട്ട് ചര്‍ച്ചയിലൂടെ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധി അയയാന്‍ കാരണമായത്. കോണ്‍ഗ്രസ്സ് അംഗവും വികസനസ്ഥിരം സമിതി അധ്യക്ഷനുമായ തോബിയാസാണ് കഴിഞ്ഞദിവസം രാജി നല്‍കിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തോബിയാസിന് നല്‍കിയ കത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഡി.സി.സി. ഓഫീസില്‍ നേതാക്കള്‍ തോബിയാസുമായി ചര്‍ച്ച നടത്തി. രാജിയുടെ പിന്നിലെ കാരണം ചോദിച്ചു.
ഭരണത്തിലെ തീരുമാനം തെറ്റായാലും ശരിയായാലും ഒപ്പം നില്‍ക്കണമെന്ന കത്താണ് വിഷയമെന്നും ഭരണത്തിലെ തെറ്റായ നടപടികള്‍ അംഗീകരിക്കാനാകാത്തതിനാലാണ് രാജിയെന്നും തോബിയാസ് അറിയിച്ചു. പാര്‍ട്ടി തീരുമാനപ്രകാരം ഭരണം മുന്നോട്ട് കൊണ്ടു പോയാല്‍ ഭരണത്തിനൊപ്പം നില്‍ക്കുമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാത്തില്‍ ഉടന്‍ തന്നെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി.
പഞ്ചായത്ത് ഭരണസമിതി യോഗത്തിനു മുമ്പ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരുകയും പാര്‍ട്ടി നിര്‍ദേശങ്ങള്‍ അറിയിക്കുകയും ചെയ്യും. ഡി.സി.സി. സെക്രട്ടറി വട്ടപ്പാറ ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡി.സി.സി. ട്രഷറര്‍ എം.എ.ലത്തീഫ്, ജഫേഴ്‌സണ്‍, ഷാനവാസ് ആനക്കുഴി എന്നിവരും പങ്കെടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമെന്ന് നേതൃത്വം അറിയിച്ചതായി തോബിയാസ് പറഞ്ഞു.