ക്ഷേത്രമോഷണം ഉള്‍പ്പടെയുള്ള മോഷണക്കേസുകളിലെ പ്രതി പിടിയില്‍
Posted on: 10 Feb 2012
വര്‍ക്കല: ക്ഷേത്രമോഷണം ഉള്‍പ്പടെ നിരവധി മോഷണക്കേസുകളിലെ പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു. ചെമ്മരുതി കോവൂര്‍ ലക്ഷംവീട് കോളനിയില്‍ ബൈജു (24)വാണ് പിടിയിലായത്. മോഷണം നടത്തി ആര്‍ഭാടജീവിതം നയിക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷണസാധനങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുന്ന പാങ്ങോട് സ്വദേശി ബാബു (32)വിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെടാകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് 5000 രൂപയോളം ബൈജു കവര്‍ന്നിരുന്നു. ജവഹര്‍ പാര്‍ക്ക് ശിവക്ഷേത്രം, ആറ്റിങ്ങല്‍ പൂവന്‍പാറ ക്ഷേത്രം തുടങ്ങി വിവിധ ആരാധനാലയങ്ങളിലും ഇയാള്‍ സമാനമായ മോഷണം നടത്തി. ചാവര്‍കോട്ടുള്ള ഒരു വീട്ടില്‍നിന്ന് നാലരപ്പവന്‍ വരുന്ന ആഭരണങ്ങള്‍, ശിവഗിരിക്ക് സമീപം സത്യന്റെ വീട്ടില്‍നിന്ന് 5000 രൂപയും മൊബൈല്‍ഫോണും, കല്ലമ്പലം എ.ജെ. ഓഡിറ്റോറിയത്തിന് സമീപത്തെ പണയില്‍വെച്ച് സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാലപിടിച്ചുപറിച്ചത്, തച്ചോട് മുട്ടപ്പലം പാറയില്‍വിളാകം വീട്ടില്‍ വാതില്‍ കുത്തിത്തുറന്ന് കയറി മാല, നെക്ലേസ്, മുണ്ടയിലെ ഒരു വീട്ടില്‍നിന്ന് 5000 രൂപയും മൊബൈല്‍ ഫോണും തുടങ്ങി വര്‍ക്കല, കല്ലമ്പലം, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലായി ബൈജുവിനെതിരെ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങി.
പാരിപ്പള്ളിക്ക് സമീപംവെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ബൈജുവിന്റെ അറസ്റ്റിനെതിരെ കോവൂര്‍ കോളനിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ചിലര്‍ പോലീസിനെ തടഞ്ഞുവെയ്ക്കുകയും ജീപ്പിന് കേടുപാട് വരുത്തുകയും ചെയ്തിരുന്നു. പോലീസിന് നേരെ കല്ലേറും ഉണ്ടായി. വര്‍ക്കല സി.ഐ. എസ്. ഷാജി, എസ്.ഐ. ശിവപ്രകാശ്, പോലീസുകാരായ അനില്‍, നിസാം, തുളസി, അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.