സുരക്ഷാസംവിധാനം പര്യാപ്തമല്ലായെന്ന് ചൂണ്ടിക്കാട്ടി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) തിരുവനന്തപുരം എയര്‍ ഇന്ത്യാ ഹാങ്ങര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനാനുമതി വൈകിപ്പിക്കുന്നു. അതീവ സുരക്ഷാസംവിധാനമാണ് ഹാങ്ങറില്‍ ഏര്‍പ്പെടുത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.സി.എ.എസ്. തലവന്‍ രാജീവ് ശ്രീവാസ്തവ പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുള്ളത്.
ബി.സി.എ.എസ്. സുരക്ഷാ ചട്ടമനുസരിച്ച് ചാക്കയിലെ രണ്ട് ഹാങ്ങര്‍ യൂണിറ്റിലും ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകള്‍ സ്ഥാപിച്ച് അതത് ദിവസങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനൊപ്പം ഹാങ്ങറിന് സമീപത്തെ ഓപ്പറേഷന്‍ മേഖലകളില്‍ സി.ഐ.എസ്.എഫിന്റെ പോര്‍ട്ടാക്യാബിനെന്ന താത്കാലിക കൂടാരം നിര്‍മിച്ച് സുരക്ഷാഭടന്റെ സേവനം നിലനിര്‍ത്തുകയും വേണം. ഇവ പൂര്‍ണമാക്കിയാല്‍ മാത്രമേ ബി.സി.എ.എസ്. ഹാങ്ങര്‍ യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കൂവെന്ന് കാണിച്ച് എയര്‍ ഇന്ത്യ തിരുവനന്തപുരം സെക്യൂരിറ്റി മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹാങ്ങറിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ രണ്ടുകോടി രൂപ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ സെക്യൂരിറ്റി മാനേജര്‍ മുംബൈയിലെ പ്രോജക്ട് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയ്ക്ക് തത്ക്കാലം തുക അനുവദിക്കാനാവില്ലായെന്ന മറുപടിയാണ് നല്‍കിയതെന്നറിയുന്നു.
ഹാങ്ങറിന്റെ പ്രവര്‍ത്തനാനുമതിക്കുവേണ്ടി സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എയര്‍ ഇന്ത്യ കടുംപിടിത്തം നടത്തിയാല്‍ നഷ്ടപ്പെടുന്നത് കോടികള്‍ മുടക്കി നിര്‍മിച്ച സ്വത്തും ഇവിടെയുള്ള വന്‍ തൊഴില്‍സാധ്യതകളും എയര്‍ ഇന്ത്യയ്ക്ക് വിമാന അറ്റകുറ്റപ്പണിയിലൂടെ ലഭിക്കാവുന്ന സാമ്പത്തിക നേട്ടവുമാണ്. തിരുവനന്തപുരത്തിന്റെ വികസനത്തില്‍ ഉള്‍പ്പെട്ട ഹാങ്ങറിന്റെ പ്രവര്‍ത്തനം ഉടനടി ആരംഭിക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.