ഇന്ന് ജനലക്ഷം സാക്ഷി

Posted on: 10 Feb 2012





തിരുവനന്തപുരം: പ്രൗഢമായ ജനസഞ്ചയം തലസ്ഥാന നഗരത്തെ വെള്ളിയാഴ്ച ചുവപ്പണിയിക്കുമ്പോള്‍ വലയാന്‍ പോകുന്നത് ജനം. രണ്ടു ലക്ഷം പേര്‍ നഗരഹൃദയത്തില്‍ ഒത്തുകൂടി മണിക്കൂറുകള്‍ ചെലവിടുമ്പോള്‍ നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കും. കഷ്ടിച്ച് 60,000 മുതല്‍ 80,000 പേരെ കുത്തിനിറയ്ക്കാവുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് സി.പി.എം സംസ്ഥാനസമ്മേളനത്തിന്റെ സമാപന സമ്മേളനം. രണ്ടുലക്ഷം പേരെ അണിനിരത്തിയാല്‍ സ്റ്റേഡിയത്തിനു പുറത്ത് മാത്രം നിലകൊള്ളുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നരലക്ഷത്തോളം പേര്‍. നഗരം ചരിത്രത്തിലിന്നേവരെ സാക്ഷ്യം വഹിക്കാത്ത സ്ഥിതിവിശേഷം.

പ്രവൃത്തിദിനം കൂടിയായ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ജാഥകള്‍ക്ക് തുടക്കമാകുക. നഗരത്തിന്റെ പലകോണുകളില്‍ നിന്നാരംഭിക്കുന്ന ജാഥകള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഗമിക്കും. ആറോടെ പൊതുസമ്മേളനമാരംഭിക്കുമെങ്കിലും ജാഥയുടെ പല അറ്റങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോലും കഴിഞ്ഞേക്കില്ല.

വന്‍സ്തംഭനം ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് പറയുന്നത്. തമ്പാനൂരിലേക്കുള്ള വാഹനഗതാഗതം സുഗമമാക്കുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ ആളെയിറക്കിയശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് നീങ്ങും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള ക്രമീകരണങ്ങളാകും ഏര്‍പ്പെടുത്തുകയെന്ന് സി.പി.എം നേതാക്കള്‍ കമ്മീഷണറെ അറിയിച്ചിട്ടുമുണ്ട്.

നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങള്‍ അടയാത്തരീതിയിലാണ് ക്രമീകരണങ്ങളെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കാര്യങ്ങളത്ര നിസാരമല്ല. ഇടുങ്ങിയ റോഡുകളുള്ള തലസ്ഥാനനഗരത്തിലാകട്ടെ ചെറിയൊരു പ്രകടനം പോലും നിയന്ത്രിക്കാന്‍ പോലീസ് പെടുന്ന പാട് നഗരവാസികള്‍ നിത്യവും കാണുന്നതാണ്. മീഡിയനുകള്‍ സ്ഥാപിച്ചിട്ടുള്ള റോഡുകളില്‍ ഒരു ഭാഗത്തു കൂടി ഗതാഗതം അനുവദിക്കാമെന്നും പോലീസ് പറയുന്നു.

മൂന്നു മണിക്കാണ് ജാഥകള്‍ ആരംഭിക്കുന്നതെങ്കിലും ഒന്നരമുതല്‍ തന്നെ പ്രവര്‍ത്തകരുടെ ഒഴുക്ക് തുടങ്ങും. നഗരത്തിലെ വന്‍തിരക്ക് പ്രത്യക്ഷമായി ബാധിക്കുക സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയാകും. ഗതാഗത നിയന്ത്രണം ചൂണ്ടിക്കാട്ടി അനുവാദം വാങ്ങി പോകാനൊരുങ്ങകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍. അന്യജില്ലകളില്‍ നിന്നെത്തുന്നവരില്‍ ചിലര്‍ മുന്‍കൂട്ടി അവധിയുമെടുത്തിട്ടുണ്ട്. വന്‍ജനസഞ്ചയത്തെ താങ്ങാന്‍ ശേഷിയുള്ള ശംഖുംമുഖം കടപ്പുറമുള്ളപ്പോള്‍ എന്തിനാണ് നഗരഹൃദയം തന്നെ തിരഞ്ഞെടുത്തതെന്ന് ചോദിക്കാന്‍ വിമര്‍ശകരും രംഗത്തുണ്ട്.

More News from Thiruvananthapuram