നാലുവയസ്സുകാരന്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

Posted on: 04 Feb 2012



പാങ്ങോട്: നിര്‍ധന കുടുംബത്തിലെ നാലുവയസുകാരനായ ബാലന്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാങ്ങോട് നെടുംകൈത കാഞ്ചിനട വട്ടപ്പുല്ല് ചരുവിള പുത്തന്‍വീട്ടില്‍ ബിന്ദുവിന്റെ മകന്‍ ഗോകുല്‍ (നാല്) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്.

ഗോകുലിന്റെ ഹൃദയത്തിന് ജന്മനാ തകരാറുകളുണ്ട്. നാലുവര്‍ഷമായി ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്രയിലും എറണാകുളം അമൃതാ ഇന്‍സ്റ്റിറ്റിയൂട്ടിലും ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാണ്. ശസ്ത്രക്രിയ എത്രയുംവേഗം നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രണ്ടുലക്ഷത്തോളം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് ബിന്ദു.

കൂലിവേല ചെയ്താണ് ബിന്ദു കുടുംബം പോറ്റുന്നത്. ഗോകുലിന് ഒരാഴ്ചത്തെ മരുന്നിന് മാത്രം 500 രൂപ വേണം. പലപ്പോഴും ഈ തുക പോലും കണ്ടെത്താന്‍ കഴിയാറില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സകള്‍ നടന്നത്. പണമില്ലാതെ മരുന്നുകള്‍ മുടങ്ങിത്തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഗോകുലിന്റെ ചികിത്സാ ചെലവിനുള്ള ധനം സ്വരൂപിക്കുന്നതിന് വാര്‍ഡ് പ്രതിനിധി പ്രഭാകരന്‍നായര്‍ കണ്‍വീനറായി സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിലേക്കായി പാങ്ങോട് എസ്.ബി.ടി.യില്‍ 67126896722 എന്ന നമ്പരില്‍ അക്കൗണ്ടും തുറന്നു.

വിലാസം : ബിന്ദു, നെടുംകൈത ചരുവിള പുത്തന്‍വീട്, വട്ടപ്പുല്ല്, കാഞ്ചിനട പി.ഒ., പാങ്ങോട്.

More News from Thiruvananthapuram