പേച്ചിപ്പാറ പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ്-എ.ഡി.എം.കെ. സംഘര്‍ഷം
Posted on: 04 Feb 2012
കുലശേഖരം: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്-എ.ഡി.എം.കെ. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പോലീസ് സ്റ്റേഷനില്‍ സംഘര്‍ഷത്തിനിടയാക്കി. പേച്ചിപ്പാറയിലെ ഒരു കോണ്‍ഗ്രസ് പ്രമുഖന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത പ്രാദേശിക നേതാവ് സിങ്ങും (38) എ.ഡി.എം.കെ. നേതാക്കന്മാരായ ആപ്പിള്‍രാജന്‍, ജോബി, പ്രതാപ്‌സിങ് എന്നിവര്‍ തമ്മിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ചൊല്ലി ആദ്യം വാക്കുതര്‍ക്കവും കൈയാങ്കളിയുമുണ്ടായത്.
ഇരുവിഭാഗവും പരാതിയുമായി പേച്ചിപ്പാറ പോലീസ് സ്റ്റേഷനിലെത്തി. ഇരുവിഭാഗത്തിന്റെയും പരാതി സ്വീകരിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാമെന്നും സബ്ഇന്‍സ്‌പെക്ടര്‍ ഉറപ്പുനല്‍കി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് എ.ഡി.എം.കെ. വിഭാഗം പോലീസിനോട് പറഞ്ഞു. നടപടി സ്വീകരിച്ചാല്‍ പോലീസുകാരെ സ്ഥലംമാറ്റുമെന്ന ഭീഷണിയും മുഴക്കി. ഇരുവിഭാഗത്തിന്റെയും തര്‍ക്കവും ഉച്ചത്തിലുള്ള ശബ്ദവും കേട്ട് സ്ഥലവാസികളും സ്റ്റേഷനില്‍ ഒത്തുകൂടി. പിന്നീട് നേതാക്കന്മാരും പ്രവര്‍ത്തകരും സ്ഥലംവിട്ടു.