ജല അതോറിട്ടി അറിഞ്ഞ ഭാവമില്ലാതെ നെല്ലിവിളയില്‍ കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസം
Posted on: 04 Feb 2012
കരകുളം: കരകുളം ഗ്രാമപ്പഞ്ചായത്തില്‍ നെല്ലിവിളയിലെ കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസങ്ങള്‍ പിന്നിടുന്നു. നിരവധി പരാതികള്‍ ലഭിച്ചിട്ടും ജല അതോറിട്ടി അധികൃതര്‍ അറിഞ്ഞ ഭാവം കാണിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നു.
കരകുളം ഗ്രാമപ്പഞ്ചായത്തിന് സമീപം അരകിലോമീറ്റര്‍ അകലെയായാണ് നെല്ലിവിള ഗ്രാമം. ഉയര്‍ന്ന പ്രദേശമായ ഇവിടെ കുടിവെള്ളക്ഷാമം നിത്യസംഭവമാണ്. വേനല്‍ ശക്തമാകുന്നതിന് മുമ്പുതന്നെ കിണറുകള്‍ വറ്റുന്നതും പതിവാണ്.
ജല അതോറിട്ടിയുടെ പൈപ്പ് ലൈനാണ് നെല്ലിവിളക്കാരുടെ കുടിവെള്ളത്തിനുള്ള ഏക മാര്‍ഗം. ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. കഴിഞ്ഞ പതിനാലു ദിവസമായി തുടര്‍ച്ചയായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. അത്യാവശ്യക്കാര്യങ്ങള്‍ക്കായി രണ്ടു കിലോമീറ്റര്‍ അകലെനിന്നും കുടിവെള്ളം ചുമന്നുകൊണ്ടുവരുന്നവരും കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നവരും ഇവിടെയുണ്ട്.
നാട്ടുകാര്‍ ജല അതോറിട്ടിക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. കുടിവെള്ളം നെല്ലിവിളയില്‍ എത്താതിരിക്കുന്നതിന്റെ കാരണം എന്തെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നെല്ലിവിള കവലയ്ക്കടുത്തായി സ്ഥാപിച്ചിരിക്കുന്ന വാല്‍വിലുണ്ടായ തകരാറാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍കുമാര്‍ പറഞ്ഞു.
കുടിവെള്ളക്ഷാമ പരിഹാരത്തിനായി അടിയന്തര നടപടി സ്വീകരിച്ചതായി ജല അതോറിട്ടി നെടുമങ്ങാട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.