തൊഴിലുറപ്പ് തൊഴിലാളികളെ പൂട്ടിയിട്ടു

Posted on: 04 Feb 2012



കാട്ടാക്കട: മേല്‍നോട്ടക്കാരിയോട് (മേറ്റ്) പറയാതെ സ്ത്രീ തൊഴിലാളി പ്രാഥമികാവശ്യത്തിന് പോയതിന്റെ പേരില്‍ മുപ്പതോളം തൊഴിലാളികളെ ദിവസം മുഴുവന്‍ സ്വകാര്യ പുരയിടത്തില്‍ പൂട്ടിയിട്ട് ശിക്ഷിച്ചതായി പരാതി. കാട്ടാക്കട ഗ്രാമപ്പഞ്ചായത്തില്‍ കാവിന്‍പുറം വാര്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം.

കിള്ളിയിലെ ഒരു സ്വകാര്യ പുരയിടത്തില്‍ തൊഴിലുറപ്പ് പദ്ധതി ജോലി ചെയ്തിരുന്ന മുപ്പതോളം സ്ത്രീകളെയാണ് തൊഴിലുറപ്പ് പദ്ധതി മേറ്റ് പൂട്ടിയിട്ട് ശിക്ഷിച്ചത്. തുടര്‍ന്ന് തൊഴിലാളികള്‍ വ്യാഴാഴ്ച പണിക്കെത്താതെ പ്രതിഷേധിക്കുകയും ചെയ്തു.

കിള്ളിയിലെ മൂന്നേക്കര്‍ വരുന്ന സ്വകാര്യ പുരയിടത്തിലായിരുന്നു പണി. സ്ഥലത്തുണ്ടായിരുന്ന മേല്‍നോട്ടക്കാരിയോട് പറയാതെ രാവിലെ പുറത്തുപോയി എന്ന കാരണംപറഞ്ഞ് വൈകീട്ട് അഞ്ചുവരെ മുള്ളുവേലി കെട്ടി ഗേറ്റിട്ട് സുരക്ഷിതമാക്കിയ പുരയിടത്തില്‍ പൂട്ടിയിടുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറയുന്നു.

തുടര്‍ന്ന് സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

More News from Thiruvananthapuram