അഗസ്ത്യകൂട താഴ്‌വരയില്‍ പാണ്ടിക്കാറ്റ് നാശം വിതയ്ക്കുന്നു

Posted on: 04 Feb 2012



കാട്ടാക്കട: കോട്ടൂര്‍ അഗസ്ത്യകൂട താഴ്‌വാരത്ത് 'പാണ്ടിക്കാറ്റ്' നാശം വിതയ്ക്കുന്നു. 20 ഓളം വീടുകളും ഏകാധ്യാപക സ്‌കൂളും തകര്‍ന്നു. ആദിവാസി സ്ത്രീക്ക് പരിക്ക്.

അഗസ്ത്യകൂട പര്‍വതത്തിന്റെ താഴ്‌വാരത്തെ പേപ്പാറ വനം റേഞ്ചിലെ പാറ്റാംപാറ, കമലകം, പൊത്തോട്, കുന്നത്തേരി, പൊടിയം, മുക്കോത്തി വയല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നുദിവസമായി വീശിയടിക്കുന്ന കാറ്റ് ആദിവാസി മേഖലയില്‍ വന്‍നാശമാണ് വരുത്തിയത്. ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ നിരവധി വീടുകളുടെ ഷീറ്റും ഓലയും മേഞ്ഞ മേല്‍ക്കൂരകള്‍ പറന്നുപോയി. വെള്ളിയാഴ്ച രാവിലെ 7ന് വീശിയ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്നുവീണാണ് പൊടിയം ആദിവാസി സെറ്റില്‍മെന്റിലെ പരത്തി (55)യ്ക്ക് പരിക്കേറ്റത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഇവരെ നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പൊടിയം സെറ്റില്‍മെന്റിലാണ് കാറ്റ് ഏറെ നാശംവിതച്ചത്. പൊടിയത്തെ അയ്യപ്പന്‍കാണി, രവീന്ദ്രന്‍, മാധവന്‍, മണിക്കുട്ടന്‍ എന്നിവരുടെ വീടുകള്‍ കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. സമീപ സെറ്റില്‍മെന്റുകളിലെല്ലാമായി ഇരുപതോളം വീടുകളുടെ മേല്‍ക്കൂരയ്ക്ക് കേടുണ്ട്.

പൊടിയത്തെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായുള്ള ഏകാധ്യാപക വിദ്യാലയ (എം.ജി.എല്‍.സി)ത്തിന്റെ മേല്‍ക്കൂരയുള്‍പ്പെടെ കാറ്റില്‍ പറന്നുപോയി. സ്‌കൂള്‍ കെട്ടിടത്തിനും നാശമുണ്ട്.

അഗസ്ത്യകൂട പ്രദേശത്ത് തമിഴ്‌നാട് ഭാഗത്തുനിന്നും പടിഞ്ഞാറുനിന്നും ശക്തമായി വീശുന്ന വരണ്ട കാറ്റിനെ 'പാണ്ടിക്കാറ്റെന്നാണ്' ആദിവാസികള്‍ വിളിക്കാറ്.

സാധാരണ വേനല്‍ക്കാലത്താണ് കാറ്റ് ശക്തമാകുന്നത്. എന്നാല്‍ ഇത്രയും ശക്തമായ കാറ്റ് അടുത്ത കാലത്തുണ്ടായിട്ടില്ലെന്നും ആദിവാസികള്‍ പറയുന്നു.

അപ്രതീക്ഷിതമായി വീശുന്ന കാറ്റ് അഗസ്ത്യകൂട തീര്‍ഥാടക സംഘങ്ങളെയും വലയ്ക്കുന്നു.

More News from Thiruvananthapuram