പൂവാര്‍ കടപ്പുറത്തെ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍
Posted on: 04 Feb 2012
പൂവാര്‍: പൂവാര്‍ വരവിളത്തോപ്പ് കടപ്പുറത്ത് സംഘര്‍ഷമുണ്ടാവുകയും സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ എട്ടുപേരെ പൂവാര്‍ പോലീസ് അറസ്റ്റുചെയ്തു. പൂവാര്‍ പള്ളം പുരയിടത്തില്‍ മിഖായേല്‍ (35), സേവ്യര്‍ (22), വരവിളത്തോപ്പ് പുരയിടത്തില്‍ ജസ്റ്റിന്‍ (32), പള്ളം പുരയിടത്തില്‍ ആന്റണി (30), മേരിജോണ്‍ (48), യൂജിന്‍ (40), വരവിളത്തോപ്പില്‍ ക്രിസ്തുദാസ് (42), സഹായി എന്ന സാജു (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൂവാര്‍ സി.ഐ. ജി. ബിനു, എസ്.ബി. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശികളായ മെന്‍ഡസ്, റോബിന്‍സര്‍ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ 14 ന് വൈകീട്ടാണ് പൂവാര്‍ വരവിളത്തോപ്പ് കടപ്പുറത്ത് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് എരിക്കലുവിള പുരയിടത്തില്‍ ജോസ് (45) മരിക്കുകയും നിരവധിപേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജോസ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റുചെയ്തത്.