ആറ്റിങ്ങല്‍ എന്‍ജിനീയറിങ്‌കോളേജില്‍ അഗ്രോ-ഐ.ടി. ഫെസ്റ്റിന് തുടക്കം

Posted on: 04 Feb 2012



ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ്‌കോളേജില്‍ അഗ്രോ-ഐ.ടി.ഫെസ്റ്റിന് തുടക്കമായി. വിഷവിമുക്തമായ ഭക്ഷ്യ ഉപയോഗത്തിലൂടെ മാത്രമേ ഐ.ടി. മേഖലയുടെ നിലനില്‍പ്പ് ഭദ്രമാകൂ എന്ന സന്ദേശമുയര്‍ത്തി 'ദക്ഷ'-2012 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു.

സമൂഹത്തിന്റെ സമഗ്രമാറ്റത്തിന് കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി അത്യാവശ്യമാണ്. കൃഷി മലയാളിയുടെ സംസ്‌കാരവും ഐ.ടി. പുതിയ വ്യവസായനയവുമാണ്. ഇവ രണ്ടും ഒത്തുചേരേണ്ടത് ഭാവി തലമുറയുടെ നിലനില്‍പ്പിന് അതിപ്രധാനമാണ്-മന്ത്രി പറഞ്ഞു. കേരത്തിന്റെ നാടായ കേരളം നാളികേര കൃഷിയില്‍ പിന്നോട്ടാണ്. നീര പാനീയമാക്കുന്നതോടെ തെങ്ങുകൃഷി വികസിക്കും. കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരമായി കര്‍ഷകര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തി വായ്പാസഹായം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ സയിദ് റഷീദ്, ദക്ഷ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ നഗരസഭ അധ്യക്ഷ അഡ്വ. എസ്. കുമാരി അധ്യക്ഷയായിരുന്നു. സജികുമാര്‍ ടി.വി. അഗ്രോ-ഐ.ടി. പദ്ധതി അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ എന്‍.പദ്മനാഭന്‍, പ്രിന്‍സിപ്പല്‍ ഡോ.വി.ഭദ്രന്‍, ഐ.ടി. ഫെസ്റ്റ് കണ്‍വീനര്‍ ശാലിനി, ജി. തുളസീധരന്‍, ആദര്‍ശ് എസ്.പി, രാഹുല്‍രാമചന്ദ്രന്‍, റസീംഅഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

ഫിബ്രവരി 6 വരെ ഐ.എച്ച്.ആര്‍.ഡി. ക്യാമ്പിലാണ് മേള നടക്കുന്നത്. സംസ്ഥാനത്തെ ആറോളം എന്‍ജിനീയറിങ് കോളേജുകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ കലാമത്സരങ്ങള്‍ ഉണ്ടാകും. ഫെസ്റ്റിവെല്‍ തുടങ്ങിയ ദിനംതന്നെ വിവിധ തലങ്ങളില്‍നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.

More News from Thiruvananthapuram