അഞ്ചുതെങ്ങില്‍ ഭരണ-പ്രതിപക്ഷ സംഘര്‍ഷം; സി.പി.എം. അംഗങ്ങള്‍ സെക്രട്ടറിയെ തടഞ്ഞു

Posted on: 04 Feb 2012



പഞ്ചായത്ത് കമ്മിറ്റി മുടങ്ങി

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തില്‍ കമ്മിറ്റി വിളിച്ചുചേര്‍ത്തിട്ട് അവസാനനിമിഷം കമ്മിറ്റികൂടാതെ പ്രസിഡന്റ് പോയി എന്നാരോപിച്ച് സി.പി.എം. പഞ്ചായത്ത് അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്‌കരിച്ചു. സംഭവത്തെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ സംഘര്‍ഷം. ബഹളത്തിനിടെ സെക്രട്ടറിയെ തടഞ്ഞുവെച്ച സി.പി.എമ്മുകാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളിയാഴ്ച കമ്മിറ്റി ചേരുമെന്ന് അംഗങ്ങളെ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇതനുസരിച്ച് കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റടക്കമുള്ള ആകെയുള്ള 14 അംഗങ്ങളില്‍ 7 സി.പി.എമ്മും 6 കോണ്‍ഗ്രസുകാരും യോഗത്തിനെത്തി. എന്നാല്‍ ഒരു കോണ്‍ഗ്രസ് അംഗം യോഗത്തിനെത്തിയില്ല. 11.50 വരെ യോഗത്തിനായി കാത്തിരുന്നെങ്കിലും ഇതിനിടെ അംഗങ്ങളെ അറിയിക്കാതെ പ്രസിഡന്റ് പഞ്ചായത്തില്‍ നിന്ന് പോയി എന്ന് സി.പി.എം. അംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് ഇവര്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ വേണമെന്നും സി.പി.എം. അംഗമായ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗം ചേരണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയെ തടഞ്ഞുവെച്ചു. സംഭവത്തെച്ചൊല്ലി സി.പി.എം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമായി. വിവരമറിഞ്ഞ് അഞ്ചുതെങ്ങ് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സി.പി.എം. അംഗങ്ങളെ അറസ്റ്റുചെയ്ത് നീക്കി.

പഞ്ചായത്തില്‍ വികസന സ്തംഭനമാണെന്നും ഇത് പ്രതിപക്ഷം ചോദ്യം ചെയ്യുമെന്ന ഭയത്താലാണ് യോഗം അകാരണമായി നീട്ടിയതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതുവരെ പതിനഞ്ച് ശതമാനം ഫണ്ട് മാത്രമാണ് വികസനത്തിനായി ചെലവഴിച്ചത്. മുമ്പും ഇത്തരത്തില്‍ യോഗം മുടക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വികസന സ്ഥിരംസമിതി ചെയര്‍മാനും സി.പി.എം. അംഗവുമായ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പെട്ടെന്നുണ്ടായ വ്യക്തിപരമായ കാരണത്താലാണ് യോഗം മാറ്റേണ്ടിവന്നതെന്നും ഇത് മനഃപൂര്‍വമല്ലെന്നും പ്രസിഡന്റ് ഷൈജു ശിവന്‍ പറഞ്ഞു. ആസ്​പത്രി ആവശ്യവുമായി ബന്ധപ്പെട്ടാണ് പോയത്. കമ്മിറ്റി മാറ്റിവെയ്ക്കണമെന്ന വിവരം സെക്രട്ടറിയെ പിന്നീട് അറിയിച്ചു. എന്നാല്‍ അംഗങ്ങളെ അറിയിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയലക്ഷ്യത്തിനും ഭരണം അട്ടിമറിക്കാനുമാണ് ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് പ്രശ്‌നമുണ്ടാക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോഴത്തെ പ്രതിപക്ഷ സമരത്തിന് പിന്നിലെന്നും പ്രസിഡന്റ് പറഞ്ഞു.

More News from Thiruvananthapuram