മുട്ടപ്പലത്ത് വീടിന് തീപിടിച്ചു; അമ്മയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

Posted on: 04 Feb 2012



ചിറയിന്‍കീഴ്: ഓല മേഞ്ഞ വീടിന് തീപിടിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. അച്ഛനും മകള്‍ക്കും പരിക്ക്.

ചിറയിന്‍കീഴ് മുട്ടപ്പലം ചിറ്റായിക്കോണം കളിയില്‍ വീട്ടില്‍ റീത്ത (40), മകന്‍ ഷിബിന്‍ (20) എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. റീത്തയുടെ ഭര്‍ത്താവ് ശിവന്‍, മകള്‍ ശില്പ എന്നിവര്‍ക്കാണ് പരിക്ക്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളില്‍ നാലുപേരും ഉറക്കത്തിലായിരുന്നു. അകത്ത് പുക പടര്‍ന്നതോടെ ഇവര്‍ ഉണര്‍ന്നു. അപ്പോള്‍ മേല്‍ക്കൂരയില്‍ തീ പടരുന്നതാണ് കണ്ടത്. ഉടന്‍ തന്നെ എല്ലാവരും പുറത്തേക്കോടി.

ഇതിനിടെ വീടിന്റെ പ്രമാണവും മറ്റും ചാമ്പലാകാതിരിക്കാന്‍ അവ എടുക്കുന്നതിനായി തീയെ അവഗണിച്ച് അകത്ത് കയറി. റീത്ത അകത്തെത്തിയതും ഓലയ്ക്കുമുകളില്‍ വിരിച്ചിരുന്ന ടാര്‍പ്പോളിന്‍ ഷീറ്റും മേല്‍ക്കൂര ഒന്നാകെയും ഉരുകി റീത്തയുടെ ദേഹത്തേക്ക് വീണു. അമ്മ വീടിനുള്ളില്‍ തീയ്ക്കുള്ളില്‍ പെട്ടത് കണ്ട് ഷിബിന്‍ റീത്തയെ രക്ഷിക്കാന്‍ ഓടിക്കയറി. രണ്ടുപേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ശിവന്‍ തീയണയ്ക്കാനായി വെള്ളം കോരാന്‍ പോയിരുന്നു. ശില്പ അമ്മയേയും സഹോദരനേയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കലിലും നാട്ടുകാര്‍ തടഞ്ഞു.വിവരമറിഞ്ഞ് ആറ്റിങ്ങല്‍ സി.ഐ, ചിറയിന്‍കീഴ് എസ്.ഐ, ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ഉടന്‍തന്നെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബിനും റീത്തയ്ക്കും പരിക്ക് ഗുരുതരമാണ്. റീത്ത തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശിവനും ശില്പയ്ക്കും നേരിയ പരിക്കുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലം ഫോറന്‍സിക് വിഭാഗം പരിശോധിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ വൈദ്യുത തകരാര്‍മൂലം തീപിടിത്തമുണ്ടായ ഉടന്‍ പ്രദേശത്തെ വൈദ്യുതി വിതരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ സമയത്ത് പരിഗണിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് തങ്ങളാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് പ്രശ്‌നമൊഴിവാക്കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

More News from Thiruvananthapuram