വര്‍ക്കല മോഡല്‍ സ്‌കൂള്‍ ശതാബ്ദി ആഘോഷം; സാംസ്‌കാരിക സമ്മേളനം

Posted on: 04 Feb 2012



വര്‍ക്കല: വര്‍ക്കല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന് ജനപങ്കാളിത്തം കുറഞ്ഞതില്‍ അദ്ദേഹം പരിഭവം പ്രകടിപ്പിച്ചു. മനസ്സുകൊണ്ട് ഇതില്‍ പങ്കെടുക്കണമെന്ന് പലരും തീരുമാനിക്കാത്തതാണ് സദസ്സ് ശുഷ്‌കമാകാന്‍ കാരണം. ശതാബ്ദി ആഘോഷം വികാരപരമായ മുഹൂര്‍ത്തമാണെന്ന് ഓര്‍ക്കണം.

പൂര്‍വ വിദ്യാര്‍ഥിയെന്ന നിലയില്‍ നാം പഠിച്ച സ്‌കൂളിനുവേണ്ടി എന്ത് ചെയ്തുവെന്ന് പരിശോധിക്കേണ്ട നിമിഷങ്ങളാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. സമ്പത്ത് എം.പി. പറഞ്ഞു. കുട്ടികളുടെ പ്രാഥമികാവകാശങ്ങള്‍പോലും നിഷേധിക്കുന്ന സ്‌കൂളുകള്‍ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്താനുള്ള ഉത്സാഹത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ക്കല കഹാര്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്, കൗണ്‍സിലര്‍മാരായ വര്‍ക്കല സജീവ്, ശ്രീദേവിയമ്മ, ബിജുഗോപാലന്‍, എന്‍.ഗോപിനാഥന്‍ നായര്‍, സെക്രട്ടറി എസ്. ജയകുമാര്‍, വി.രഞ്ജിത്ത്, ജി.സുനില്‍കുമാര്‍, ബാബുരാജേന്ദ്രപ്രസാദ്, സജിത വിജയന്‍, പ്രിന്‍സിപ്പല്‍ കെ.രമണി, പ്രഥമാധ്യാപിക എസ്.വിലോമന, സ്റ്റാഫ് സെക്രട്ടറി ആര്‍.പ്രസന്നന്‍, എ.സലിം, അജി വേളിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷ പരിപാടിയോട് അനുബന്ധിച്ച് വര്‍ക്കല നഗരസഭയുടെ മുന്നില്‍ നിന്ന് സ്‌കൂളിലേക്ക് സാംസ്‌കാരിക ഘോഷയാത്രയും നടന്നു. വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകി. ശതാബ്ദി ആഘോഷ പരിപാടികള്‍ ശനിയാഴ്ച സമാപിക്കും.

More News from Thiruvananthapuram