വീട്ടുകോണം പിള്ളയമ്മാച്ചന്‍ ക്ഷേത്രത്തില്‍ ഇന്ന് പൊങ്കാല

Posted on: 04 Feb 2012



പോത്തന്‍കോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള വീട്ടുകോണം പിള്ളയമ്മാച്ചന്‍ ക്ഷേത്രത്തില്‍ സമൂഹപൊങ്കാല ഫിബ്രവരി നാലിന് നടക്കും. മകരമാസത്തിലെ മകയിരം നക്ഷത്രത്തില്‍ വ്രതശുദ്ധിയോടെ നൂറുകണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കായി എത്തും. പിള്ളയമ്മാച്ചന്‍ ക്ഷേത്രത്തിന് സമീപത്തായി ഭുവനേശ്വരി ക്ഷേത്രസന്നിധിയിലാണ് പൊങ്കാലയ്ക്കായി സൗകര്യമൊരുക്കിയിട്ടുള്ളത്. രാവിലെ 9 ന് പണ്ടാര അടുപ്പില്‍ നിന്നും കൊളുത്തിയ ദീപം പൊങ്കാല അടുപ്പുകളിലേക്ക് പകരും.

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ മാറി പോത്തന്‍കോടിന് സമീപം നന്നാട്ടുകാവിലാണ് വീട്ടുകോണം പിള്ളയമ്മാച്ചന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അപൂര്‍വമായുള്ള ഔഷധസസ്യങ്ങളും വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും അടങ്ങുന്ന വലിയ കാവോടുകൂടി രണ്ടരഏക്കറിനുള്ളിലാണ് ക്ഷേത്രം.

ജനവരി 31 ന് തുടങ്ങിയ പ്രതിഷ്ഠാവാര്‍ഷിക ഉത്സവത്തിന്റെ സമാപനദിവസമാണ് പൊങ്കാല. ഇതേതുടര്‍ന്ന് കലശപൂജ, രാവിലെ 10.30 മുതല്‍ അന്നദാനം, ഉച്ചയ്ക്ക് 12 ന് കലശാഭിഷേകത്തിനുശേഷം പൊങ്കാല നിവേദിക്കും. വൈകുന്നേരം 3.30 ന് ദേവീഭാഗവതപാരായണം, 4.30 ന് ആനപ്പുറത്ത് എഴുന്നള്ളത്തും ഘോഷയാത്രയും, രാത്രി 7.30 ന് ഓട്ടന്‍തുള്ളല്‍, 8.30ന് തേരുവിളക്ക്, ഉരുള്‍, അത്താഴപൂജയോടുകൂടി ഉത്സവത്തിന് സമാപനമാകും.

More News from Thiruvananthapuram