തിരുവനന്തപുരം: കാടും പടര്‍പ്പും മാലിന്യനിക്ഷേപകേന്ദ്രവുമായി മാറിയ മുട്ടത്തറയിലെ മുളയ്ക്കല്‍ ചന്തയെ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കമലേശ്വരം വാര്‍ഡില്‍ നഗരസഭയുടെ ഏകമാര്‍ക്കറ്റിനാണ് ഈ ഗതികേട്. 75 സെന്റ് സ്ഥലം. ചുറ്റുമതില്‍, പ്രവര്‍ത്തിക്കുന്ന പത്തുമുറിക്കടകള്‍, മത്സ്യവും പച്ചക്കറിയും വില്‍ക്കാനുള്ള ഷെഡ് എന്നീ സൗകര്യങ്ങള്‍ ആവോളമുണ്ടെങ്കിലും ഈ ചന്ത പ്രവര്‍ത്തനമില്ലാതെ കാടുപിടിച്ച നിലയിലാണ്.
സമീപ പ്രദേശങ്ങളില്‍ നിന്നും അകലെ നിന്നും നിരവധി ആള്‍ക്കാര്‍ ഇവിടെ മത്സ്യങ്ങളും പച്ചക്കറികളും വാങ്ങാനെത്തിയിരുന്നു. എന്നാല്‍ മുട്ടത്തറ പെരുനെല്ലി ജങ്ഷനില്‍ ഈ ചന്തയിലെത്തേണ്ട കച്ചവടക്കാര്‍ താവളമാക്കിയതോടെ മുളയ്ക്കല്‍ ചന്ത പ്രവര്‍ത്തനമില്ലാതായി. ഇതോടെ കച്ചവടക്കാര്‍ മുളയ്ക്കല്‍ ചന്തയെ തഴഞ്ഞു. ഇടുങ്ങിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പെരുന്നെല്ലി ചന്തയിലെ കച്ചവടക്കാര്‍ പൊതുറോഡും കച്ചവട കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇത് മാറ്റി മുളയ്ക്കല്‍ ചന്തയെ പ്രവര്‍ത്തനമാക്കണമെന്നാണ് മാര്‍ക്കറ്റ് സംരക്ഷണസമിതി ആവശ്യപ്പെടുന്നത്.
എന്നാല്‍ മുട്ടത്തറ പെരുന്നെല്ലി ചന്തയെ നവീകരിച്ച് ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളെ ഈ ചന്തയിലേക്കാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചതായി അറിയുന്നു. 40 ലക്ഷം രൂപ മുടക്കിയാണ് ചന്ത നവീകരിക്കുന്നത് എന്ന് അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു.