ഒപ്പം പഠിക്കുന്ന കൂട്ടുകാരിക്ക് തങ്ങളുടേതുപോലെ നല്ല വീടില്ലെന്നും മണ്ണുകൊണ്ടുള്ള കൊച്ചുവീടാണുള്ളതെന്നും അറിഞ്ഞദിവസം സഹപാഠികൾ ഒരുമിച്ചു ചിന്തിച്ചു. കേവലം ആശ്വാസവാക്കു കൊണ്ടായില്ല, നമുക്കെന്തു ചെയ്യാനാകുമെന്ന് ആലോചിക്കണമെന്ന് കൂട്ടത്തിൽനിന്ന് അഭിപ്രായം വന്നപ്പോൾ അവർ തെല്ല് ഗൗരവത്തിലായി. അവൾക്കും വേണം നമ്മുടേതുപോലെ കയറിക്കിടക്കാൻ സുരക്ഷിതമായൊരു വീട് എന്ന ഉറച്ച ചിന്തയിൽ കൂട്ടുകാർ അതിനായുള്ള വഴികൾ തേടി. 

പഴയ പത്രം വിറ്റും പൂക്കൾ വിറ്റും ലോഷനും സോപ്പും ഉണ്ടാക്കിവിറ്റും അവർ പണമുണ്ടാക്കി. അതെല്ലാം കൂട്ടിവച്ച് അവർ കൂട്ടുകാരിക്കൊരു വീടുണ്ടാക്കി. അധ്വാനത്തിന്റെയും കരുതലിന്റെയും സംതൃപ്തിയിൽ അവർ കൂട്ടുകാരിയുടെ കൈകളിലേക്ക് വീടിന്റെ താക്കോൽ വ്യാഴാഴ്ച കൈമാറും.

പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് മാതൃകാപരമായ ഉദ്യമവുമായി മുന്നിട്ടിറങ്ങിയത്. സ്‌കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയായ അരുണിമയ്ക്കാണ് സഹപാഠികൾ വീടു നിർമിച്ചുകൊടുക്കുന്നത്. അരുണിമയുടെ അച്ഛൻ നേരത്തെ മരിച്ചു. അമ്മയും അരുണിമയും കഴക്കൂട്ടത്തുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് താമസം. ഇവർക്ക് പോത്തൻകോട് വീടുണ്ടെങ്കിലും താമസയോഗ്യമായിരുന്നില്ല. പഠിക്കാൻ മിടുക്കിയായ അരുണിമയുടെ കഷ്ടതകൾ അറിഞ്ഞാണ് കൂട്ടുകാർ വീടു നിർമിച്ചുകൊടുക്കാൻ തീരുമാനിച്ചത്.

സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വീടിനായി പണം സ്വരൂപിക്കാൻ തുടങ്ങി. ക്ലാസുകൾ തോറും കയറിയിറങ്ങി പത്രങ്ങളും മാസികകളും ശേഖരിച്ചു. ലോഷനും സോപ്പും നിർമിച്ചു. അത് സ്‌കൂളിൽ വിൽപന നടത്തി. കൂട്ടുകാരും അധ്യാപകരും ആവശ്യത്തിൽ കൂടുതൽ അവ വാങ്ങിച്ചു. പഴയ മണ്ണുവീട് പൊളിച്ചുമാറ്റി അതേസ്ഥാനത്ത് പുതിയ വീടിന്റെ പണികൾ ആരംഭിച്ചു. 

വീടുനിർമാണത്തിന്റെ ഒരു ഘട്ടത്തിൽ പണം തടസമായപ്പോൾ തോവാളയിൽ പോയി പൂവു കൊണ്ടുവന്ന് സ്‌കൂളിലെ ഓണാഘോഷത്തിന് പൂക്കിറ്റ് വിലയ്ക്കു നൽകി ധനസമാഹാരണം നടത്തി. നാഷണൽ സർവീസ് വൊളന്റിയർമാർ ഒരുവർഷം എല്ലാ ഒഴിവുദിവസങ്ങളിലും പോത്തൻകോടെത്തി വീടിന്റെ നിർമാണജോലികളിൽ പങ്കുചേർന്നു. നിർമാണത്തിലെ വിദഗ്ധ ജോലികളൊഴികെ ബാക്കിയെല്ലാം കുട്ടികൾ തന്നെ ചെയ്തു. ഒരുവർഷം കൊണ്ട് വീടുപണി പൂർത്തിയായി.

വിദ്യാർഥികളുടെ അധ്വാനശേഷിയും സമ്പത്തുസമാഹരണവും ഒരുമിച്ചുചേർന്നപ്പോഴാണ് വീടുനിർമാണമെന്ന ആശയം വിജയിച്ചതെന്ന് പ്രിൻസിപ്പൽ ഫാ. സി.സി. ജോണും ഹെഡ്മിസ്ട്രസ് ആശ ആനിയും പറയുന്നു. വീടിന്റെ പാലുകാച്ചൽ ചടങ്ങ് ബുധനാഴ്ച നടന്നു. വ്യാഴാഴ്ച നാലുമണിക്ക് ഫാ. സി.സി. ജോണിന്റെ അധ്യക്ഷതയിൽ താക്കോൽദാനം നടക്കും. നിർധനരായ കുട്ടികളെ കണ്ടെത്തി ഇതേ മാതൃകയിൽ ഈ അധ്യയനവർഷം നാലു വീടുകൾ സ്‌കൂൾ പണിതുകൊടുക്കുന്നുണ്ട്. ഇതിൽ രണ്ടെണ്ണം പൂർത്തിയായി. 

വിദ്യാർഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുകയും സഹജീവികളോടുള്ള സ്‌നേഹവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സന്തോഷ് വിൽസൻ പറയുന്നു. പദ്ധതിക്ക് മേൽനോട്ടം വഹിച്ചുവെങ്കിലും സ്‌കൂളിലെ ഓരോ വിദ്യാർഥിയുടെയും സ്‌നേഹസമ്മാനമാണ് ഈ വീടെന്ന് എൻ.എസ്.എസ്. ലീഡർമാരായ ടോം സാബുവിന്റെയും പാർവതിയുടെയും ഗോവർധന്റെയും ദേവികയുടെയും വാക്കുകൾ.