തിരുവനന്തപുരം: ദിവസവും ഏഴുമണിക്കൂര്‍ ഭാഗികമായി അടച്ചിടുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍സമയവും തുറന്നുകൊടുക്കും. റണ്‍വേ ബലപ്പെടുത്തുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ജനുവരി രണ്ടിനാണ് തുടങ്ങിയത്. 31ന് മുന്‍പ് എല്ലാ പണികളും പൂര്‍ത്തിയാക്കി പൂര്‍ണസമയ സര്‍വീസ് തുടങ്ങുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

 


1885 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ മധ്യഭാഗം ബലപ്പെടുത്തുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. അഹമ്മദാബാദിലെ എം.എസ്.ഖുറാന കമ്പനിക്കാണ് നിര്‍മാണച്ചുമതല. 53 കോടി രൂപയാണ് നിര്‍മാണച്ചെലവ്.

ജനുവരി രണ്ടു മുതല്‍ മാര്‍ച്ച് 31 വരെ രാവിലെ 10.30 മുതല്‍ വൈകീട്ട് 5.15 വരെ വിമാനമിറക്കാനാവില്ലെന്നു കാണിച്ച് വിമാനത്താവള അധികൃതര്‍ പ്രതിരോധ മന്ത്രാലയത്തിനും വിമാനക്കമ്പനികള്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം രാവിലെ 10.30 മുതല്‍ ൈവകുന്നേരം 5.15 വരെ റണ്‍വേ അടച്ചിടുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ലഭിച്ചത്. വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വഴിയാണ് അറിയിപ്പ് നല്‍കിയതെന്ന് വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ് ജി.തരകന്‍ പറഞ്ഞു.