തിരുവനന്തപുരം: അസഹിഷ്ണുതയുള്ളിടത്ത് ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിലനില്‍പ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വംശീയ വിദ്വേഷവും മതമൗലികവാദവും പിടിമുറുക്കുകയാണ് എങ്ങും. തിന്മകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന കവികളും എഴുത്തുകാരും കലാകാരന്മാരും ആക്രമിക്കപ്പെടുന്നു. പ്രതിരോധിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള മൗലികവാദികളുടെ ശ്രമത്തെ നേരിടാന്‍ മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദി കവി അശോക് വാജ്‌പേയ് അധ്യക്ഷനായി. വിമതസ്വരങ്ങളെ അടിച്ചമര്‍ത്താനും നിശ്ശബ്ദമാക്കാനും സംഘടിതശ്രമം നടക്കുന്ന ഇക്കാലത്ത് കാവ്യോത്സവത്തിന് പ്രസക്തി ഏറെയാണെന്ന് അശോക് വാജ്‌പേയ് പറഞ്ഞു.

തുര്‍ക്കി കവി അദോല്‍ ബെറാമുലു, എസ്റ്റോണിയന്‍ കവി ഡോറിസ് കരേവ, നെതര്‍ലന്‍ഡ്‌സിലെ പോയട്രി ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഡയറക്ടര്‍ ബാസ് വാക്മാന്‍, പ്രഭാവര്‍മ, കാവ്യോത്സവം ഡയറക്ടര്‍ രതി സക്‌സേന എന്നിവര്‍ പങ്കെടുത്തു. ഈ മാസം പന്ത്രണ്ടുവരെ നടക്കുന്ന കാവ്യോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കവികള്‍ പങ്കെടുക്കും.