നെടുമങ്ങാട്: മുപ്പത്തിയൊന്നുദിവസം നീണ്ടുനില്‍ക്കുന്ന അഗസ്ത്യകൂട സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ണമായി. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തുനടക്കുന്ന ഏറ്റവും വലിയ മലകയറ്റമാണ് സഹ്യപര്‍വതത്തിന്റെ ഭാഗമായ അഗസ്ത്യകൂട സന്ദര്‍ശനം. 1868 മീറ്റര്‍ പൊക്കമുള്ള കൊടുമുടിയുടെ മുകളിലെത്താന്‍ 23 കി.മീ ദൂരം കാനനപാത താണ്ടണം. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമലയിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് അഗസ്ത്യമുനിയുടെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ സമാപന ദിവസമായ ശിവരാത്രിക്ക് ഇവിടെ പ്രത്യേക പൂജകള്‍ നടത്തുതിന് ആദിവാസി മൂപ്പന്‍മാര്‍ മലകയറിയെത്തും. ജൈവവൈവിധ്യ സമ്പന്നത പരിഗണിച്ച് അഗസ്ത്യകൂടത്തെ യുണസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഗസ്ത്യകൂട സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഗൈഡുകളുടെയും വനപാലകരുടെയും പരിശീലനം പേപ്പാറ വനപാലന കേന്ദ്രത്തില്‍ പൂര്‍ത്തിയായി. അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.നൗഷാദ് പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനം സിദ്ധിച്ച 100പേര്‍ ഇക്കുറി യാത്രയ്ക്ക് നേതൃത്വം നല്‍കും.

ബോണക്കാട് മുതല്‍ അഗസ്ത്യകൂടം വരെയുള്ള 23 കിലോമീറ്റര്‍ യാത്രയ്ക്കിടെ കാനനപാതയില്‍ ലാത്തിമൊട്ട, കരമനയാര്‍, വാഴപൈന്തിയാര്‍, അട്ടയാര്‍, എഴുമടക്കന്‍തേരി, അതിരുമല എന്നിവിടങ്ങളില്‍ വനംവകുപ്പ് ജീവനക്കാരുടെ സേവനം ലഭ്യമാകും. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അനധികൃത കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായി നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ റേഞ്ചുകളിലെ കാട്ടുവഴികളില്‍ കര്‍ശനപരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ രഹസ്യക്യാമറകളും സ്ഥാപിച്ചുകഴിഞ്ഞു.

അനധികൃത കടന്നുകയറ്റം പിടികൂടിയാല്‍ 25000രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണ്.

സന്ദര്‍ശനം 14 മുതല്‍



ജനുവരി 14-നു തുടങ്ങി ഫെബ്രുവരി 13-ന് ശിവരാത്രി ദിനത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് തീര്‍ഥാടനം ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം നൂറുപേര്‍ക്ക് പ്രവേശനം നല്‍കും. രാവിലെ എട്ടു മുതല്‍ 11 വരെ ബോണക്കാട് ചെക്കുപോസ്റ്റില്‍നിന്നു സന്ദര്‍ശകരെ കയറ്റിവിടും. മദ്യം, സിഗരറ്റ്, പ്ലാസ്റ്റിക്, ആയുധങ്ങള്‍ എന്നിവ അനുവദിക്കില്ല. അഗസ്ത്യകൂടം റൂട്ടില്‍ ബോണക്കാട്ടുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള പിക്കറ്റ് സ്റ്റേഷനില്‍ യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. 15 പേരടങ്ങുന്ന ഓരോസംഘത്തോടൊപ്പവും ഗൈഡുമാര്‍ അനുഗമിക്കും. ആദ്യ ഇടത്താവളമായ അതിരുമലയില്‍ യാത്രക്കാര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. അതിരുമലയിലും പിക്കറ്റ് സ്റ്റേഷനിലും വനംവകുപ്പിന്റെ കാന്റീന്‍ പ്രവര്‍ത്തിക്കും.



അഗസ്ത്യകൂടത്തിലേക്ക് ഒരാളേയും അനധികൃതമായി പ്രവേശിപ്പിക്കില്ല, സംരക്ഷിത വനപ്രദേശമായതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിക്രമിച്ചുകടക്കുന്നവരുടെപേരില്‍ നിയമനടപടികള്‍ സ്വീകരിക്കും. എ.നൗഷാദ് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍