നഗരൂര്‍: നഗരൂര്‍ തണ്ണിക്കോണം വൃന്ദാവനത്തില്‍ സുനില്‍ദത്തിന്റെ മകന്‍ ശിവദത്ത്(22) കുത്തേറ്റ് മരിച്ച സംഭവം പെട്ടെന്നുണ്ടായ പ്രകോപനംമൂലമെന്ന് പോലീസ്. നഗരൂര്‍ തണ്ണിക്കോണം വിശ്വകമലത്തില്‍ അജീഷിനെ സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ചതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇയാള്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന രാഹുലിന്റെ മൊഴിയെടുത്തശേഷമാണ് കൂടുതല്‍ പ്രതികളില്ലെന്ന നിഗമനത്തില്‍ പോലീസെത്തിയത്.

ഇരുപത്തെട്ടാം ഓണാഘോഷത്തിന്റെ സംഘാടനത്തിനിടെയാണ് ശിവദത്തിനും രാഹുലിനും കുത്തേറ്റത്. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് സംഘാടകസമിതിക്കെതിരേ കേസെടുക്കുമെന്ന് സി.ഐ. എം.അനില്‍കുമാര്‍ അറിയിച്ചു. സംഘാടകര്‍ക്കെതിരേ അബ്കാരി നിയമപ്രകാരവും കേസുണ്ടാകുമെന്ന് സൂചനയുണ്ട്.

തണ്ണിക്കോണം ഉദയാ യൂത്ത്ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഞായറാഴ്ച ഇരുപത്തെട്ടാം ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ശനിയാഴ്ച രാത്രിയില്‍ സംഘാടനത്തിന് പിരിച്ചെടുത്ത പണവും ചെലവും തിട്ടപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ട ശിവദത്തും പ്രതി അജീഷും തമ്മില്‍ വഴക്കുണ്ടായി. ശിവദത്ത് അജീഷിനെ പിടിച്ചുതള്ളി. പ്രകോപിതനായ അജീഷ് തന്റെ സ്‌കൂട്ടറില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശിവദത്തിന്റെ നെഞ്ചില്‍ കുത്തി. തടുക്കാന്‍ ശ്രമിക്കുമ്പോഴാണ് രാഹുലിന് കുത്തേറ്റത്.

കഴിഞ്ഞവര്‍ഷവും ഇവിടെ ആഘോഷമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷത്തെ ആഘോഷത്തിനുശേഷം സംഘാടകര്‍ രണ്ടു ചേരിയായി. ഇതില്‍ ഒരുവിഭാഗമാണ് ഇത്തവണ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഇപ്പോഴത്തെ സംഘാടകസമിതിയിലെ അംഗങ്ങളില്‍ പലരും വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയാകാത്തവരുമാണ്. മുതിര്‍ന്ന ചിലരുടെ പിന്തുണയോടെയായിരുന്നു ഇവര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ആഘോഷ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പിന്തുണ നല്കിയവരെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ക്ലബ്ബിന് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ നിയമപരമായ യാതൊരംഗീകാരവുമില്ലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്്. കടലാസ് ക്ലബ്ബുണ്ടാക്കി ആഘോഷത്തിനായി പണപ്പിരിവ് നടത്തുകയായിരുന്നു. വമ്പന്‍ പിരിവാണ് ഇതിന്റെമറവില്‍ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഘോഷത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസിന്റെ അനുമതി സംഘാടകര്‍ നേടിയിരുന്നില്ല. അപേക്ഷപോലും സമര്‍പ്പിച്ചിട്ടില്ല. ഇതിനെതിരേ നടപടിയുണ്ടാകും. ഉച്ചഭാഷിണിയും മറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മത്സരഇനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാനങ്ങളാണ് സംഘാടകരെ അബ്കാരികേസില്‍ പ്പെടുത്തുന്നത്. വെള്ളംകുടി മത്സരത്തിന് ഒന്നാംസമ്മാനം ഒരുബോട്ടില്‍ ബക്കാഡി റം ആയിരുന്നു. ഇക്കാര്യം നോട്ടീസില്‍ അച്ചടിച്ചിട്ടുണ്ട്. മറ്റൊരു മത്സരത്തിന് രണ്ട് ബക്കാഡി റമ്മും സമ്മാനം പ്രഖ്യാപിച്ചിരുന്നു. അത് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നോട്ടീസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഷയം അബ്കാരിനിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ എക്‌സൈസ് വകുപ്പും ഇത് സംബന്ധിച്ച് കേസെടുക്കുമെന്നാണ് സൂചന.