ചിറയിന്‍കീഴ്: കടുത്ത വേനലിനെ കഠിനാധ്വാനത്താല്‍ അതിജീവിച്ച് വിജയത്തിന്റെ നൂറുമേനി വിളയിച്ച് മാമം സ്വദേശി ബാബു.

ആറ്റിങ്ങല്‍ നഗരസഭയിലെ അവശേഷിക്കുന്ന കൃഷിയിടങ്ങളില്‍ ഒന്നായ മാമം ഏലായിലാണ് ബാബു കൃഷിയിറക്കിയത്. രൂക്ഷമായ വരള്‍ച്ചയില്‍ നെല്‍പ്പാടങ്ങള്‍ ഓരോന്നായി കരിഞ്ഞുണങ്ങിയപ്പോഴും ബാബുവിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ പാടം പൊന്നണിയുകയായിരുന്നു.

കിഴുവിലം മാമം മഹാദേവ ക്ഷേത്രത്തിനു സമീപത്തെ ഏലായിലുള്ള 20 സെന്റ് ഭൂമി പാട്ടത്തിനെടുത്താണ് ബാബു കൃഷിയിറക്കിയത്. വേനല്‍ രൂക്ഷമായപ്പോള്‍ ചുമട്ടുവെള്ളം കോരിയാണ് ബാബു തന്റെ കൃഷിഭൂമിയില്‍ വെള്ളമെത്തിച്ചത്. നെല്‍കൃഷിയോടൊപ്പം ജൈവപച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. കൃഷിക്ക് നല്ലതുപോലെ പരിചരണം നല്‍കിയതിന്റെ ഫലമായാണ് നല്ല വിളവ് ലഭിച്ചതെന്ന് ബാബു പറഞ്ഞു.

എന്നാല്‍, ദുഃഖകരമായത് ബാബുവിനോടൊപ്പം കൃഷിയിറക്കിയവരുടെ വിളവെല്ലാം പതിരായതാണ്. ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നതിനാലാണ് മറ്റു കൃഷിക്കാരുടെ വിളവ് കരിഞ്ഞത്. മാമത്ത് നെല്‍കൃഷിയിറക്കിയ പാടങ്ങളില്‍ വിളവായി അവശേഷിക്കുന്നത് ബാബുവിന്റെ കൃഷിമാത്രമാണ്. ആറ്റിങ്ങല്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ് ബാബു.