ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും. മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്. ഗൂഗിള്‍ മാപ്പിലെ വോയ്‌സ് നാവിഗേഷനോടുകൂടിയുള്ള ടൂ വീലര്‍ മോഡ് ഇന്ത്യയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. 

ഡിസംബര്‍ അഞ്ച് മുതല്‍ ഗൂഗിള്‍ മാപ്പില്‍ ടൂ വീലര്‍ മോഡും ലഭ്യമാവും. കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലാന്റ്മാര്‍ക്ക് നാവിഗേഷന്‍ എന്നിവ പുതിയ ഫീച്ചര്‍ വഴി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും.

വലിയൊരു വിഭാഗം ജനങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയതാണ് പുതിയ ഫീച്ചര്‍ . ഏറ്റവും കൂടുതല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മൂന്നാമത് ഇന്ത്യയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. 

കാര്‍, കാല്‍നട, സൈക്കിള്‍, ട്രെയിന്‍, വിമാന യാത്രികര്‍ക്ക് വേണ്ടിമാത്രമായിരുന്നു നേരത്തെ ഗൂഗിള്‍ മാപ്പ് വഴികാട്ടിയിരുന്നത്. ഇക്കൂട്ടത്തിലേക്കാണ് ടൂവീലര്‍ മോഡും ഉള്‍പ്പെടുത്തുക. 

മോട്ടോര്‍ ബൈക്കിന്റെ വേഗതയനുസരിച്ച് യാത്രയ്ക്ക് വേണ്ട ദൂരവും സമയവുമെല്ലാം പ്രത്യേകം ലഭ്യമാവും. നിലവിലുള്ള ട്രാഫിക് തിരക്കുകള്‍ക്കനുസരിച്ച് യാത്രാ സമയം തത്സമയം ക്രമീകരിക്കപ്പെടുകയും ചെയ്യും.