വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാസ് വേഡ് ഏതെന്ന് കേട്ടാല്‍ നിങ്ങള്‍ അമ്പരന്ന് പോകും. എന്തുകൊണ്ടെന്നാല്‍ വളരെ എളുപ്പം തിരിച്ചറിയപ്പെടാവുന്നവയാണ് 2016ല്‍ എറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാസ് വേഡുകള്‍. 123456, 123456789, qwerty എന്നിവയാണ് ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചവ. ഒരു കോടിയോളം സെക്യൂരിറ്റി കോഡുകള്‍ പഠിച്ചാണ് ഗവേഷകര്‍ ഈ രഹസ്യം പുറത്ത്‌കൊണ്ടുവന്നത്. മാത്രമല്ല ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാസ് വേഡുകളില്‍ ആദ്യ 10 വരുന്നയെല്ലാം ആറ് കാരക്ടര്‍ വരെ മാത്രമേയുള്ളു. 

 '12345678', '111111', '1234567890', '1234567', 'password', '123123', '987654321'  എന്നിവയാണ് ആദ്യ പത്തില്‍ വരുന്ന മറ്റ് പാസ് വേഡുകള്‍. അമേരിക്ക ആസ്ഥാനമായ കീപ്പര്‍ സെക്യൂരിറ്റി എന്ന സ്ഥാപനമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇത്തരത്തില്‍ പാസ് വേഡുകള്‍ അംഗീകരിക്കുന്ന വെബ്‌സൈറ്റുകള്‍ കരുതലില്ലാത്തവരോ മടിയന്‍മാരോ ആണെന്നാണ് കീപ്പര്‍ സെക്യൂരിറ്റി പറയുന്നത്. 17 ശതമാനം ആളുകള്‍ 123456 എന്ന പാസ് വേഡാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് കടുപ്പമുള്ള പാസ് വേഡുകള്‍ ഉപയോഗിക്കാന്‍ വെബ്‌സൈറ്റുകള്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കാത്തതെന്നത് കുഴക്കുന്ന പ്രശ്‌നമാണെന്നും ഇവര്‍ പറയുന്നു. 

കുറച്ച് വര്‍ഷങ്ങളായി ഇത്തരംപാസ് വേഡുകള്‍ നിരന്തരം മാറ്റപ്പെടുന്നുണ്ട്. ചിലര്‍ ബുദ്ധിമുട്ടുള്ളവ ഉപയോഗിക്കാന്‍ വിമുഖത കാട്ടുന്നുമുണ്ട്. ചിലര്‍  '1q2w3e4r' , '123qwe' തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ശ്രമങ്ങളും വളരെ ദുര്‍ബലമാണ്. കാരണം ഡിക്ഷ്ണറി ഉപയോഗിച്ച് എന്താണ് പാസ് വേഡെന്ന് കണ്ടെത്തി അക്കൗണ്ടുകള്‍ ഹാക്കുചെയ്യാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു.