വശ്യമില്ലാത്ത ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ കൂടുതല്‍ സൗകര്യങ്ങളും ആഡ് സെറ്റിങ്‌സില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകളുമായി ഗൂഗിള്‍. ആപ്ലിക്കേഷനുകളിലെയും വെബ്‌സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും. യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നീ സേവനങ്ങളിലേക്കും പുതിയ ടൂള്‍ താമസിയാതെ ഗൂഗിള്‍ കൊണ്ടുവരും. 

'ആഡ് സെറ്റിങ്‌സില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ആഡ് പേഴ്‌സണലൈസേഷന്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും സാധിക്കും. റിമൈന്‍ഡര്‍ ആഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ കാണാനും ഏത് പരസ്യദാതാക്കളുടെ പരസ്യമാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനും ഇപ്പോള്‍ സാധിക്കും.'ഗൂഗിളിന്റെ ഡാറ്റാ പ്രൈവസി ആന്റ് ട്രാന്‍സ്പാരന്‍സി ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജര്‍ ജോണ്‍ ക്രാഫ്‌സിക് പറഞ്ഞു.

ഉപയോക്താക്കള്‍ ഒരു ഉപകരണത്തില്‍ നിന്ന് മ്യൂട്ട് ചെയ്ത പരസ്യങ്ങളെ തിരിച്ചറിഞ്ഞ് ആ ഉപയോക്താവ് പിന്നീട് സൈന്‍ ഇന്‍ ചെയ്യുന്ന മറ്റെല്ലാ ഉപകരണങ്ങളിലും ആ പരസ്യങ്ങള്‍ മ്യൂട്ട് ചെയ്യാനുള്ള സംവിധാനവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. 

2012ലാണ് ആവശ്യമില്ലാത്ത പരസ്യങ്ങളെ ബ്ലോക്ക് ചെയ്യാന്‍ 'മ്യൂട്ട് ദിസ് ആഡ്' ഫീച്ചര്‍ അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയതെന്നാണ് വിവരം. ഒരു കോടിയിലധികം പരസ്യങ്ങള്‍ ഇതുവഴി ഗൂഗിള്‍ പരസ്യ ശൃഖലയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.