കാലാവസ്ഥ മാറുന്നു. അതിനനുസരിച്ച് ഭൂമുഖവും മാറുന്നു. കഴിഞ്ഞ ആറര ലക്ഷം വര്‍ഷത്തിനിടെ മാത്രം, ആറ് ഹിമകാലങ്ങള്‍ ഭൂമുഖത്തെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നാസ പറയുന്നു. 7000 വര്‍ഷം മുമ്പാണ് ഭൂമുഖത്തെ കാലാവസ്ഥയുടെ ഇപ്പോഴത്തെ ഘട്ടം ആരംഭിച്ചത്. മനുഷ്യനാഗരികത ഈ ഘട്ടത്തിലാണ് രൂപപ്പെട്ടത്. 

സമീപകാലം വരെ കാലാവസ്ഥാമാറ്റം ഭൂമിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നകാര്യം നേരിട്ട് മനസിലാക്കാന്‍ വഴിയുണ്ടായിരുന്നില്ല. കൃത്രിമോപഗ്രഹങ്ങള്‍ ഭൂമുഖത്തെ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെ കഥ മാറി. ഉപഗ്രഹചിത്രങ്ങള്‍ തുറന്നു തരുന്ന സാധ്യതയുപയോഗിച്ച് ഭൂമുഖത്തെ വിവിധ പ്രദേശങ്ങള്‍ എങ്ങനെ മാറി എന്ന് കാട്ടിത്തരികയാണ് പുതിയ സര്‍വീസായ 'ഗൂഗിള്‍ എര്‍ത്ത് ടൈംലാപ്‌സ്' ( Google Earth Timelapse ).

1984 മുതല്‍ 2016 വരെ കാലാവസ്ഥാവ്യതിയാനം ഭൂമുഖത്തെ എങ്ങനെ മാറ്റി എന്നാണ് ടൈംലാപ്‌സ് കാട്ടിത്തരിക. 32 വര്‍ഷക്കാലം ഭൂമുഖത്തെ വിവിധ പ്രദേശങ്ങള്‍ എങ്ങനെ മാറിയെന്ന് ഈ സൂം ചെയ്യാവുന്ന വീഡിയോ പറഞ്ഞുതരും. 

നഗരങ്ങള്‍ ഉയരുന്നതിന്റെയും മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നതിന്റെയും അത്ഭുതക്കാഴ്ചാണ് ടൈംലാപ്‌സ് നല്‍കുന്നത്. 1984 മുതല്‍ ഓരോ വര്‍ഷവും ഓരോ 'ഭൂമി' വീതം സന്നിവേശിപ്പിച്ചാണ് ഈ അത്ഭുതക്കാഴ്ച ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. 

നെജീ മെലോണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ക്രിയേറ്റ് ലാബിലെ ( CREATE Lab ) 'ടൈം മെഷീന്‍ ലൈബ്രറി'യുടെ സഹായത്തോടെയാണ്, ഇന്ററാക്ടീവ് വീഡിയോ രൂപത്തില്‍ ടൈംലാപ്‌സ് രൂപപ്പെടുത്തിയതെന്ന്, ഗൂഗിള്‍ എര്‍ത്ത് എന്‍ജിന്‍ ബ്ലോഗ് പറയുന്നു. 

ഗൂഗിള്‍ എര്‍ത്ത് എന്‍ജിന്റെ സഹായത്തോടെ 50 ലക്ഷത്തിലേറെ ഉപഗ്രഹചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് പുതിയ സംവിധാനമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അഞ്ച് വ്യത്യസ്ത ഉപഗ്രങ്ങള്‍ പകര്‍ത്തിയതാണ് ഇത്രയും ചിത്രങ്ങള്‍. ഡടഏട/ചഅടഅ യുടെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 1970 കള്‍ മുതല്‍ ഭൂമിയെ ചുറ്റുന്ന 'ലാന്‍ഡ്‌സാറ്റ്' ( Landsat ) പകര്‍ത്തിയതാണ് ഇതില്‍ ഏറയും.