ന്യൂഡല്‍ഹി: ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള വെബ് ബ്രൗസറായ യുസി ബ്രൗസറിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ചൈനീസ് കമ്പനികളില്‍ ഒന്നാണ് യുസി വെബ്.

ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലെ സെര്‍വറുകളിലേക്ക് ചോര്‍ത്തുന്നുവെന്ന് യുസി ബ്രൗസറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇതില്‍ അന്വേഷണം നടക്കുകയാണ്. കുറ്റകരമായ എന്തെങ്കിലും അന്വേഷണത്തില്‍ തെളിയുകയാണെങ്കില്‍ യുസി ബ്രൗസറിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാവാനാണ് സാധ്യത.  

ഇന്ത്യയില്‍ വര്‍ഷങ്ങളായി സ്വാധീനമുള്ള വെബ് ബ്രൗസറാണ് യുസി വെബ്. കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസം 10 കോടിയിലധികം ഉപയോക്താക്കള്‍ യുസി ബ്രൗസറിനുണ്ട്.

എന്നാല്‍ ഐടി കമ്പനികള്‍ അവരുടെ സെര്‍വറുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത് സാധാരണമാണ്. അത് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയെ മറികടക്കുന്ന ഒന്നും തന്നെ തങ്ങള്‍ ചെയ്യില്ല എന്നാണ് ആരോപണങ്ങളോട് യുസി ബ്രൗസര്‍ അധികൃതരില്‍ നിന്നുള്ള പ്രതികരണം.

പ്രാദേശികതലത്തിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യമാണ്. അത് ഈ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ചെയ്യുന്നുമുണ്ട്. അതിന് ആവശ്യമായ അനുമതി തങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് വാങ്ങുന്നുണ്ടെന്നും. അവര്‍ക്ക് എന്റ് റ്റു എന്റ് എന്ക്രിപ്ഷന്‍ സംവിധാനത്തിന്റെ സംരക്ഷണം നല്‍കുന്നുണ്ടെന്നും യുസി വെബ് അധികൃതര്‍ പറയുന്നു. 

ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർശനനടപടികളുമായാണ് സർക്കാർ മുന്നോട്ട് പോവുന്നത്. വിദേശ കമ്പനികള്‍ക്ക് വലിയ സ്വാധീനമുണ്ട് ഇന്ത്യൻ വിപണിയിൽ. ഭൂരിഭാഗം വരുന്ന വിദേശ കമ്പനികളിൽ പലരുടേയും സെർവറുകൾ മറ്റു രാജ്യങ്ങളിലാണ്‌. രാജ്യത്ത് മുൻ നിരയിലുള്ള ഷവോമി , ഓപ്പോ പോലുള്ള ചൈനീസ് കമ്പനികളുടെ സെർവറുകൾ ചൈനയിലാണ്. ഈ സാഹചര്യത്തിൽ കമ്പനികളോട് രാജ്യത്തിനകത്ത് തന്നെ സെർവർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.