ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ സൗജന്യ ഓഫര്‍ നീട്ടിയ നടപടി പിന്‍വലിക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

ജിയോ സൗജന്യ ഓഫര്‍ അവസാനിക്കുന്ന മാര്‍ച്ച് 31ന് കമ്പനി പ്രഖ്യാപിച്ച സൗജന്യ ഓഫര്‍ പിന്‍വലിക്കാനാണ് ട്രായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രൈം മെമ്പര്‍ഷിപ്പ് നേടുന്നതിനുള്ള കാലാവധി നീട്ടിയ നടപടിയും പിന്‍വലിക്കണം. ഏപ്രില്‍ 15 വരെയാണ് ജിയോ പ്രൈം മെമ്പറാകാനുള്ള കാലാവധി നീട്ടിയത്.

ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്‌ക്കോ അതിനു മേലുള്ള തുകയ്‌ക്കോ ഉള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന പേരിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.

ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ജിയോ അറിയിച്ചു. നീട്ടിയ സൗജന്യ ഓഫര്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

Read | ജിയോ സൗജന്യ ഓഫര്‍ ഇനിയും നേടാം